road
നമ്പ്രം കോളനിയിലെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലം.

ഷൊർണൂർ: എസ്.എം.പി ജംഗ്ഷനിൽ നിന്നും ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് നിർമ്മിക്കാൻ നഗരസഭ പദ്ധതിയിട്ട് 30 വർഷം പിന്നിടുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞിട്ടും റോഡ് മാത്രം ആയില്ല. ഷൊർണൂർ ജംഗ്ഷന്റെ വികസനത്തിന് വേണ്ടി സ്ഥാപിച്ച ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ് സൗകര്യമില്ലാതെ യാത്രക്കാരന് എത്തി ചേരാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ റെയിൽവേ തന്നെ അടച്ചുപൂട്ടി.

ഇതോടെ 1992ൽ അപ്രോച്ച് റോഡ് നിർമ്മാണത്തിന് നഗരസഭ തുക ബഡ്ജറ്റിൽ വകയിരുത്തി. തുടർന്ന് 9,75,000 രൂപ ലാന്റ് അക്വിസിഷൻ ഡിപ്പാർട്ട്‌മെന്റിൻ കെട്ടിവെച്ച് സ്ഥലമേറ്റെടുത്തിരുന്നു. 1994ൽ എം.ഹംസ എം.എൽ.എ നിയമസഭയിൽ അപ്രോച്ച് റോഡ് വിഷയം ഉന്നയിച്ചെന്ന് മാത്രമല്ല റെയിൽവേയും വർഷം 300 രൂപ നിരക്കിൽ വാടകയ്ക്ക് ആവശ്യമായ സ്ഥലം റോഡിന് നൽകാമെന്ന് സമ്മതിച്ചു. ഐലന്റ് എക്‌സ്പ്രസും രണ്ട് പാസഞ്ചർ വണ്ടികളും മാത്രമാണ് അവിടെ നിറുത്തിയിരുന്നത്. റോഡ് സൗകര്യം വന്നാൽ ഷൊർണൂർ ജംഗ്ഷനിൽ വരാതെ ലിങ്ക് ലൈൻ വഴി കടന്നുപോകുന്ന കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യപ്പെടാമായിരുന്നു.

കാരക്കാട് കരുണ സ്‌പോർടസ് ക്ലബ്ബ് അംഗങ്ങൾ അന്നത്തെ എം.എൽ.എ കെ.ഇ ഇസ്മയിലിന് 1995ൽ നൽകിയ നിവേദനത്തിന് മറുപടി ലഭിച്ചത് റോഡ് നിർമ്മാണത്തിനായി മുനിസിപ്പൽ ഭരണ ഡയറക്ടർ മുമ്പാകെ നഗരസഭ ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്നാണ്. മൂന്ന് വീടുകളും നിരവധി പേരുടെ പാരമ്പര്യ നെൽകൃഷി സ്ഥലങ്ങളും അക്വയർ ചെയ്താണ് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തിയത്.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലത്തുള്ള മരങ്ങളും വീടുകളും ലേലം ചെയ്യൽ നടന്നിട്ടില്ല. സ്ഥലം നൽകിയാൽ റോഡ് നിർമ്മിക്കാമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ റോഡിന്റെ രേഖകൾ നഗരസഭ സർക്കാരിനെ ഏൽപ്പിക്കാത്തതിനാൽ ബഡ്ജറ്റുകളിൽ അപ്രോച്ച് റോഡിന് വിഹിതം ഉൾകൊള്ളിക്കാനും കഴിഞ്ഞില്ലെന്ന് വിവരാവകാശ രേഖകളിൽ പറയുന്നത്. റോഡിനായി എത്ര നാൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.