cbi

ചെർപ്പുളശേരി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം കുളക്കാട് പൂന്തോട്ടം ആയുർവേദ ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥ്, ഭാര്യ ലത, മകൻ ജിഷ്ണു എന്നിവരിൽ നിന്ന് മൊഴിയെടുത്തു. കൊച്ചി യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ സംഘം മൂന്നര മണിക്കൂർ ഇവരെ ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജ്ജുൻ രവീന്ദ്രനാഥിന്റെ ബന്ധുവാണ്. നേരത്തെ ക്രൈംബ്രാഞ്ച് കേസന്വേഷിച്ചിരുന്ന സമയത്തും സമാനമായ രീതിയിൽ ചോദ്യം ചെയ്തിരുന്നു. കേസേറ്റെടുത്ത ശേഷം ആദ്യമായാണ് സി.ബി.ഐ ഇവിടെ എത്തുന്നത്. രവീന്ദ്രനാഥുമായി ബാലുവിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ബാലഭാസ്കറിന്റെ അച്ഛൻ ആരോപിച്ചിരുന്നു. ബാലഭാസ്‌കറുമായി രവീന്ദ്രനാഥ് പരിചയപ്പെട്ടത് മുതലുള്ള എല്ലാ കാര്യങ്ങളും സി.ബി.ഐ ചോദിച്ചറിഞ്ഞു.
ചികിത്സാർത്ഥമായിരുന്നു ബാലഭാസ്‌കർ ആദ്യം ഇവിടെയെത്തിയത്. വൈകാതെ കുടുംബ സുഹൃത്തായി മാറി. ആശുപത്രിയിൽ അദ്ദേഹത്തിന് നിക്ഷേപമില്ലെന്നും ബാലു തന്നെയാണ് തങ്ങളുടെ ബന്ധുവായ അർജ്ജുനെ ഡ്രൈവറായി നിശ്ചയിച്ചതെന്നും രവീന്ദ്രനാഥ് നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.