പാലക്കാട്: ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. ഇതിന്റെ ഭാഗമായി കേന്ദ്രീകൃത സോഫ്‌റ്റ് വെയറായ പരിവാഹനവുമായി ബന്ധിപ്പിച്ച് ഇ-ചലാൻ ആപ്ലിക്കേഷൻ മുഖാന്തിരം ഇ-പോസ് മെഷീൻ ഉപയോഗിച്ച് ചെക്ക് റിപ്പോർട്ട് തയ്യാറാക്കും.
ഇ-പോസ് യന്ത്രത്തിൽ വാഹന രജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി കാണത്തക്ക വിധം ചിത്രമെടുത്താൽ വാഹന സംബന്ധ വിവരം, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരം ലഭിക്കും. ഇതുവഴി ട്രാഫിക് നിയമ ലംഘനം യന്ത്രത്തിൽ രേഖപ്പെടുത്തും.
നിയമ ലംഘനങ്ങളുടെ കേസുകൾ ഡിജിറ്റൽ ആയി തയ്യാറാക്കാനും ഉടമസ്ഥന് ഓൺലൈൻ/ എ.ടി.എം കാർഡ് ഉപയോഗിച്ച് പിഴ ഒടുക്കാനുമുള്ള സംവിധാനവും ലഭ്യമാണ്.
കൊവിഡ് മാനദണ്ഡം പാലിച്ച് വാഹനങ്ങൾ നിറുത്താതെ തന്നെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് മുതലായ കേസുകൾ ഇ-പോസ് യന്ത്രത്തിൽ രജിസ്റ്റർ ചെയ്യും.
ഓണക്കാലത്ത് നിരത്തുകൾ അപകട രഹിതമാക്കുന്നതിന് ആറ് സ്‌ക്വാഡുകൾ ജില്ലയിൽ മുഴുവൻ സമയം പട്രോളിംഗ് നടത്തും.
-വി.എ.സഹദേവൻ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.