പാലക്കാട്: ചക്രം ചവിട്ടിത്തിരിച്ച് ജീവിതചക്രം ഉരുട്ടിയിരുന്ന തയ്യൽ തൊഴിലാളികൾക്കിത് വറുതിയുടെ ഓണക്കാലം. വിഷുവും സ്‌കൂൾ സീസണും രണ്ടു പെരുന്നാളും കഴിഞ്ഞ് ഓണമെത്തിയിട്ടും കൊവിഡ് തീർത്ത ദുരിത കാലം തയ്യൽവേല ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നില്ല.
ഈ വർഷത്തെ പാതിസീസണും ലോക്ക് ഡൗണും കൊവിഡ് ഭീതിയും മൂലം ഇല്ലാതായി. സ്‌കൂൾ സീസണിൽ രാവും പകലും ജോലിയെടുത്താണ് യൂണിഫോം തയ്ച്ചിരുന്നത്. ഓണവും പെരുന്നാളും വിവാഹ സീസണുമാണ് മറ്റൊരു പ്രധാന വരുമാനകാലം. വിവാഹങ്ങൾ ചടങ്ങുകളായതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. സ്ത്രീകളും പുരുഷമാരുമായി ഒട്ടേറെ പേർ ഈ രംഗത്തുണ്ട്. വീട്ടിലിരുന്നു തയ്യൽ വേല ചെയ്യുന്നവർക്കും തൊഴിൽ കുറഞ്ഞു.
ക്ഷേമനിധിയും രക്ഷയാകുന്നില്ല
വർഷങ്ങളായി സംഘടിത തൊഴിൽ മേഖലയായ ഇവർക്ക് ക്ഷേമനിധിയുണ്ട്. മാസം 20 രൂപ അടച്ചിരുന്ന അംശാദായം ഇപ്പോൾ 50 ആയി. വർഷത്തിൽ 600 രൂപ അടക്കാൻ പോലും പല തൊഴിലാളികൾക്കുമാകുന്നില്ല. അശംദായം കൂട്ടിയെങ്കിലും ആനുപാതികമായി ആനുകൂല്യം കൂട്ടിയിട്ടില്ല. മറ്റു ക്ഷേമനിധികളെ അപേക്ഷിച്ച് പരിമിതമായ ആനൂകൂല്യമാണുള്ളത്.
ഖാദർ അങ്ങാടിപ്പുറം, സംസ്ഥാന കമ്മിറ്റി അംഗം, ടൈലറിംഗ് ആന്റ് ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ.