ചിറ്റൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരുവെമ്പ് പഞ്ചായത്തും കൊല്ലങ്കോട് ബ്ലോക്കും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിത്തുഗ്രാമം. കാർഷിക സർവകലാശാല 2018ൽ പുറത്തിറക്കിയ വിവിധ വിത്തിനങ്ങളുടെ ഫീൽഡ് തല പരിചയപ്പെടുത്തലാണിത്. ഇത്തവണ പൗർണ്ണമി, പ്രത്യാശ, അക്ഷയ, സുപ്രിയ, മനുരത്ന, കുഞ്ഞ് കുഞ്ഞ്, സുജാത എന്നീ വിത്തിനങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പൗർണ്ണമി, പ്രത്യാശ എന്നിവ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്. പൗർണ്ണമി വിത്തിനം 2019ൽ രണ്ട് സീസണിലും മറ്റിടങ്ങളിൽ പരീക്ഷിച്ച് 3250 കിലോ വരെ ഏക്കറിന് വിളവ് ലഭിച്ചിരുന്നു. പെരുവെമ്പിൽ മൂന്ന് തരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തുന്നത്. ഒറ്റഞാർ കൃഷി, പരമ്പരാഗത നടീൽ, യന്ത്രവൽകൃത നടീൽ എന്നിവയാണവ. ഇതിൽ ഒറ്റഞാർ പരീക്ഷണത്തിന് തയ്യാറായത് അജയ് എന്ന 23കാരനാണ്.
പാലത്തുള്ളി ചീരയങ്കാട് സ്വദേശിയായ അജയ് തന്റെ അഞ്ചേക്കർ ഭൂമിയും പാട്ടത്തിന് നൽകിയത് തിരിച്ചെടുത്താണ് കൃഷി ചെയ്തത്. 50 സെന്റിൽ തുടങ്ങിയ നെൽകൃഷി ഇപ്പോൾ 3.5 ഏക്കറിൽ എത്തി നിൽക്കുന്നു. ഇത്തവണ 30 കിലോ പൗർണ്ണമി വിത്താണ് കൃഷിഭവനിൽ നിന്ന് നൽകിയത്. മുഴുവൻ സ്ഥലത്തും കൃഷിയിറക്കാൻ വേണ്ടതായ വിത്ത് ലഭിച്ചില്ല. ഒറ്റഞാർ എന്ന ആശയം കൃഷി ഓഫീസർ ടി.ടി.അരുണാണ് നിർദേശിച്ചത്.
ഞാറ്റടി തയ്യാറാക്കാനും കയർ പിടിച്ച് ഒറ്റഞാർ നടീൽ പരിചയപ്പെടുത്താനും കൃഷി ഓഫീസറും ഫീൽഡ് ചുമതലയുള്ള അസിസ്റ്റന്റ് ശ്രീനിവാസൻ എന്നിവരും നൽകിയ നിർദേശങ്ങളും പ്രോത്സാഹനവും ആത്മവിശ്വാസം നൽകിയെന്ന് അജയ് പറയുന്നു. അകലം കൂടുതലായതിനാൽ കള കൂടുമെന്നായിരുന്നു പേടി. പക്ഷേ കൃഷി ഓഫീസർ നിർദ്ദേശിച്ച കളനാശിനി കൃത്യസമയത്ത് ചെയ്തതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.