ഒറ്റപ്പാലം: ചരക്കുകടത്തിന് റെയിൽവെ ഏർപ്പെടുത്തുന്ന അത്യാധുനിക റോ-റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനത്തിന് വെല്ലുവിളിയായി ഷൊർണൂരിൽ സാങ്കേതിക തടസം. ഇവിടെ റെയിൽപാതകൾക്ക് മുകളിലൂടെ കടന്നുപോകുന്ന റോഡ് ഓവർ ബ്രിഡ്ജാണ് തടസം സൃഷ്ടിക്കുന്നത്. മംഗലാപുരത്ത് നിന്ന് ഷൊർണൂർ വരെ റെയിൽവെ നടത്തിയ റോ-റോ സാദ്ധ്യത പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടത്തിൽ ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷന് കിഴക്ക് വശത്തുള്ള കൊച്ചി പാതയിലുള്ള റോഡ് ഓവർ ബ്രിഡ്ജ്, സർവീസിന് തടസമാകുന്നതായി ബോദ്ധ്യപ്പെട്ടിരുന്നു.
ഷൊർണൂർ- തൃശൂർ സംസ്ഥാന പാതയാണ് റോഡ് ഓവർ ബ്രിഡ്ജിലൂടെ കടന്ന് പോകുന്നത്. വാഗണുകളിൽ വലിയ ചരക്കുലോറികൾ കയറ്റി വരുന്ന റോ-റോ വണ്ടികൾക്ക് പാലത്തിന്റെ ഉയരക്കുറവ് പ്രശ്നം സൃഷ്ടിക്കുന്നതായിട്ടാണ് റെയിൽവെ വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ റെയിൽപ്പാത വൈദ്യുതീകരണവുമായി ബന്ധപ്പെട്ടും ഈ മേല്പാലം സാങ്കേതിക പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇത് ഒരുവിധം പരിഹരിക്കുകയായിരുന്നു. ഇതോടെ മംഗലാപുരം മുതൽ കൊച്ചി വരെ രണ്ട് പ്രധാന വാണിജ്യ നഗരങ്ങളെ ബന്ധിപ്പിച്ച് റോ-റോ സർവീസ് നീട്ടാനുള്ള റെയിൽവേ ശ്രമം താത്കാലികമായി കോഴിക്കോട് അവസാനിപ്പിക്കേണ്ടി വരും.
പുനർനിർമ്മിക്കുമോ മേൽപ്പാലം
മേൽപ്പാലം പൊളിച്ച് ആവശ്യമായ ഉയരത്തിൽ പുനർനിർമ്മിക്കുക എന്നതാണ് പ്രശ്ന പരിഹാരമെന്ന് റെയിൽവെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഷൊർണൂർ പോലൊരു ജംഗ്ഷൻ പ്രദേശത്ത് ഇതിന് സാങ്കേതിക സങ്കീർണ്ണതകൾ കൂടുതലാണ്. ട്രാക്കിൽ നിന്ന് 5.2 മീറ്റർ ഉയരത്തിൽ വാഗണുകൾക്ക് ചരക്ക് ലോറികളുമായി കടന്നുപോകാൻ കഴിയണം. ഇതിന് കഴിയുന്നതല്ല നിലവിലെ മേല്പാലം. ചരക്ക് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയുടെ വൻ സാദ്ധ്യതയാണ് ഇതോടെ കാത്തിരിപ്പിലാവുന്നത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് മുംബൈ അടക്കം വൻ നഗരങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് സുഗമമാക്കുന്നതായിരുന്നു റോ-റോ സർവീസ്. റെയിൽവെയുടെ റോ-റോ ഭൂപടത്തിൽ ഇടം പിടിക്കാനുള്ള കൊച്ചിയുടെ അവസരം നീളുന്നതിന് ഇത് കാരണമാകും.
റോ-റോ സർവീസ്
മഹാരാഷ്ട്രയിലെ കൊളാട് മുതൽ സൂറത്ക്കൽ വരെ കൊങ്കൺ റൂട്ടിൽ റോ-റോ നിലവിലുണ്ട്. ഇവിടെ നിന്നാണ് ചരക്കുലോറികൾ റോഡ് മാർഗം കേരളത്തിലെത്തുന്നത്. റോ-റോ മംഗലാപുരം- കൊച്ചി റൂട്ടിലേക്ക് നീട്ടുന്നതോടെ ചരക്ക് ഗതാഗത നീക്കത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ റെയിൽവേക്ക് കഴിയും. കൂടാതെ ചരക്ക് ഗതാഗതം വേഗത്തിലാക്കാനും സഹായിക്കും.