flower

പാലക്കാട്: കൊവിഡ് വ്യാപനത്തിനിടെ വാടിത്തളർന്ന് പൂ വിപണി. ആഘോഷങ്ങൾക്കെല്ലാം കൊവിഡ് മൂലം നിയന്ത്രണം വന്നതോടെ പൂക്കച്ചവടം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പ്രളയവും ഇത്തവണ കൊവിഡ് മഹാമാരിയാണ് പൂവിപണിയെ പ്രതിസന്ധിയിലാക്കിയത്.

സാധാരണ അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസങ്ങളിലും ലക്ഷങ്ങളുടെ വില്പനയാണ് നടക്കാറുള്ളത്. എന്നാൽ ഇക്കുറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും ഓഫീസുകളിലടക്കം ആഘോഷമില്ലാത്തതും വിപണിയെ പ്രതികൂലമായി ബാധിച്ചു.

പൂക്കടകളിൽ തിരക്ക് വളരെ കുറവാണ്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് വില്പന. സാമൂഹിക അകലം, സുരക്ഷാ സംവിധാനം എന്നിവ അധികൃതർ വിലയിരുത്തുന്നുണ്ട്. ദിണ്ടിഗൽ, ഹൊസൂർ, സേലം എന്നിവിടങ്ങളിൽ നിന്നാണ് ഓണത്തിന് പൂക്കളെത്തുന്നത്. കഴിഞ്ഞ വർഷം ഓണാഘോഷം കുറവായിരുന്നെങ്കിലും ധാരാളം വിവാഹങ്ങൾ ഉണ്ടായിരുന്നു. വേദി അലങ്കരിക്കാനും പൂമാലകൾക്കും മറ്റുമായി കച്ചവടം നടന്നു. എന്നാൽ ഇത്തവണ അതും കുറവാണ്.

പ്രതീക്ഷ ഇന്നും നാളെയും

ഇന്നും നാളെയുമായി കൂടുതൽ ആളുകൾ പൂക്കൾ തേടി വരുമെന്നാണ് പ്രതീക്ഷ. കൂടാതെ വിലയിൽ ചെറിയ വ്യത്യാസം വരാനും സാദ്ധ്യതയുണ്ട്. -മുഹമ്മദ് സാദിഖ്, പൂക്കച്ചവടം, സുൽത്താൻപേട്ട.


ഇന്നലെ വില (കിലോയ്ക്ക്)

ഓറഞ്ച്, ചെണ്ടുമല്ലി- 70

മഞ്ഞ ചെണ്ടുമല്ലി -70

വാടാമല്ല- 80

പിങ്ക് അരളി- 120

ചുവപ്പ് അരളി- 150

വെള്ള അരളി- 150

മഞ്ഞ ജമന്തി- 180

വെള്ള ജമന്തി- 180

ചില്ലി റോസ്- 200

മുല്ലപ്പൂ- 750

തുളസി- 70

കദംബം- 150