banana

പാലക്കാട്: ഇന്ന് ഉത്രാടം. കൊവിഡ് വ്യാപനത്തിനിടെ പ്രതിരോധ മാനദണ്ഡങ്ങളും അധികൃതരുടെ നിർദേശങ്ങളും പാലിച്ച് ഓണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് നാട്. നാളെ തിരുവോണമായതിനാൽ മിക്കവരും വസ്ത്രം, പച്ചക്കറി തുടങ്ങിയ സാധനങ്ങൾ വാങ്ങിക്കാനുള്ള ഓട്ടത്തിലാണ്.

തിരക്കൊഴിവാക്കാൻ കടകളിൽ കർശന നിയന്ത്രണമുള്ളതിനാൽ കഴിഞ്ഞ തിങ്കളാഴ്ച മുതലേ ഓണവ്യാപാരം സജീവമായിരുന്നു. കഴിഞ്ഞ രണ്ടുവർഷവും പ്രളയം മൂലം ഓണവിപണി ഇല്ലാതായ വ്യാപാരികൾ ഇപ്രാവശ്യമെങ്കിലും പ്രതിസന്ധികളിൽ നിന്ന് അല്പം കരകയറാനാവുമെന്ന്

പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കൊവിഡ് ഭീഷണി ഏറിയത്. ലോക്ക് ഡൗൺ കാരണം വിഷുവിനും പെരുന്നാളിനും നഷ്ടക്കച്ചവടമായിരുന്നു.

ഗൃഹോപകരണങ്ങൾ, വസ്ത്രം ഉൾപ്പെടെയുള്ള മിക്ക സാധനങ്ങൾക്കും വ്യത്യസ്തമായ ഓഫറുകളുമായാണ് വിപണി ഉണർന്നിരിക്കുന്നത്. തുണിക്കടകൾക്ക് പുറമേ പലചരക്ക്-പച്ചക്കറി കടകളും വഴിയോരക്കച്ചവടവും സജീവമാണ്. അതുകൊണ്ടുതന്നെ കടകളിലെല്ലാം സാമൂഹിക അകലം പാലിക്കൽ, കൂട്ടംകൂടൽ ഒഴിവാക്കൽ എന്നിവ ഉറപ്പാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനയുണ്ട്.

വലിയങ്ങാടി പച്ചക്കറി മാർക്കറ്റ്, ടൗൺ ബസ് സ്റ്റാന്റ്, ശകുന്തള ജംഗ്ഷൻ, സുൽത്താൻപേട്ട ജംഗ്ഷൻ, ഐ.എം.എ ജംഗ്ഷൻ തുടങ്ങിയ തിരക്കേറുന്ന ഭാഗങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും പൊലീസ് കാവലുണ്ട്.

പച്ചക്കറി 'റോക്കറ്റി'ലേറി

അഞ്ചുമാസമായി ലോക്ക് ഡൗണിൽ നട്ടംതിരിഞ്ഞ സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന വിധമാണ് ഒരാഴ്ചയ്ക്കിടെ പച്ചക്കറി വില വർദ്ധിച്ചത്. ഇത്തവണ സദ്യ ഒരുക്കാൻ കീശ കാലിയാക്കേണ്ടി വരും. ഓണത്തിന് പച്ചക്കറി ഒഴിച്ചുകൂടാൻ പറ്റാത്തതിനാൽ പറയുന്ന വില നൽകേണ്ട ഗതികേടിലാണ് ജനം. പലതിനും രണ്ടും മൂന്നും ഇരട്ടിയായി വില ഉയർന്നത് സാധാരണക്കാരെ വലച്ചു.

ഒരാഴ്ച മുമ്പ് കിലോയ്ക്ക് 30-35 രൂപയുണ്ടായിരുന്ന പയറിന് നിലവിൽ 100 രൂപയാണ്. 35-40 രൂപയുണ്ടായിരുന്ന വെണ്ടക്കയ്ക്ക് 90ഉം മുരിങ്ങക്കായയ്ക്ക്

75ഉം രൂപ തട്ടിപ്പറിക്കുന്നു. ഉള്ളി, ബീൻസ്, കാരറ്റ് തുടങ്ങിയവയ്ക്കും പത്തുരൂപയോളം വില കൂട്ടി. നേന്ത്രപ്പഴത്തിന് കഴിഞ്ഞാഴ്ച 28-30 രൂപയുണ്ടായിരുന്നത് നിലവിൽ 55-60 ആയി മാറി.

കൊവിഡ് മൂലം തൃശൂർ, മലപ്പുറം ജില്ലകളിലെ പല മാർക്കറ്റുകളും അടഞ്ഞ് കിടക്കുന്നതിനാൽ കച്ചവടക്കാർ പച്ചക്കറിയെടുക്കാൻ ജില്ലയിൽ എത്തുന്നതും വിലകൂടാൻ കാരണമായി. പക്ഷേ, മാർക്കറ്റിൽ പച്ചക്കറി വില പൊള്ളുമ്പോഴും കർഷകർക്ക് പണിക്കൂലി പോലും ലഭിക്കുന്നില്ല.