kanal
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് മൂന്നാം വാർഡിലെ മുടുപ്പുള്ളി ചെരാംകുളങ്ങര കനാൽബണ്ട് റോഡിലെ സംരക്ഷണഭിത്തി

പെരിങ്ങോട്ടുകുറിശി: മഴയെത്തുടർന്ന് നശിച്ച റോഡോരങ്ങൾക്ക് സംരക്ഷരണമൊരുക്കാൻ നടപടി. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മഴവെള്ളപ്പാച്ചിൽ മൂലം തകർന്ന പാതയോരങ്ങളിൽ വലിയ അപകട സാദ്ധ്യതയാണ് നിലനിൽക്കുന്നത്. തകർന്നു കിടക്കുന്ന പാതയോരങ്ങളിൽ നിന്നും മഴയിൽ വൻതോതിൽ തുടർച്ചയായി മണ്ണ് നഷ്ടമാവാനും വഴിയൊരുക്കിയിരുന്നു. പലയിടങ്ങളിലും മണ്ണ് നഷ്ടമായതിനെ തുടർന്ന് റോഡുകൾക്ക് വീതി വൻതോതിൽ കുറയാനും ടാറിംഗ് ഉൾപ്പെടെ ഇടിഞ്ഞു നശിക്കാനും വഴിയൊരുക്കി. മലമ്പുഴ കനാൽ കടന്നുപോകുന്ന മേഖലയിലെ വിവിധ വാർഡുകളിൽ നിർമ്മിച്ച റോഡുകളിൽ ഇത്തരം പ്രശ്‌നങ്ങൾ വ്യാപകമാണ്.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച പരാതികളെ തുടർന്നാണ് മുൻഗണനാ ക്രമത്തിൽ നവീകരണ പ്രവർത്തി ആരംഭിച്ചത്. മുടുപ്പുള്ളി ചെരാംകുളങ്ങര കനാൽ ബണ്ട് ‌റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നട പടി സജീവമായി. ഇതോടൊപ്പം മഴവെള്ള പ്പാച്ചിലിൽ നശിച്ച സംരക്ഷണ ഭിത്തി കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കാനുള്ള പ്രവർത്തികൾക്കും തുടക്കമായി. വർഷങ്ങളായി മെറ്റലിംഗ് നടത്തിയ റോഡിൽ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികളും പുരോഗമിക്കുന്നു. ടാറിംഗ് പൂർത്തിയാക്കാത്തത് മൂലം ഈ റോഡിലൂടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വർഷങ്ങളായി അനുഭവിച്ചു വരുന്ന യാത്രാ ദുരിതത്തിനും ഇതോടെ പരിഹാരമാകും.