ration

പാലക്കാട്: സെർവർ പണിമുടക്കിയതോടെ ജില്ലയിലെ റേഷൻ കടകളിൽ ഓണക്കിറ്റിനായി മണിക്കൂറുകളുടെ കാത്തുനിൽപ്പ്. മുൻഗണനേതര വിഭാഗത്തിൽപെട്ടവർക്ക് ഈ മാസം അവസാനത്തെ രണ്ടുദിവസങ്ങളിലായാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്. പൂജ്യം മുതൽ നാലുവരെ കാർഡ് നമ്പർ ഉള്ളവർക്ക് ശനിയാഴ്ചയും അഞ്ചുമുതൽ ഒമ്പതുവരെ ഞായറാഴ്ചയുമാണ് വിതരണം.

ഇന്ന് ഉത്രാടം ആയതിനാൽ എല്ലാവരും ഇന്നലെ തന്നെ കിറ്റ് വാങ്ങാനെത്തിയിരുന്നു. എന്നാൽ, സെർവർ പണിമുടക്കിയതോടെ പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്ന് ഉപഭോക്താക്കൾ വലഞ്ഞു. രാവിലെ രണ്ടുമണിക്കൂറോളം വിതരണം തടസപ്പെട്ടു. ഉച്ചയ്ക്ക് ശേഷം പുനഃരാരംഭിച്ചെങ്കിലും വീണ്ടും സെർവർ പണിമുടക്കി. വൈകിട്ട് അഞ്ചരയോടെ പുനഃരാരംഭിച്ചെങ്കിലും വളരെ സാവധാനമാണ് വിതരണം നടന്നത്. തിരക്ക് വർദ്ധിച്ചതോടെ പലയിടത്തും സാമൂഹിക അകലം പേരിനുമാത്രമായി.

വിതരണം ഇ-പോസ് വഴി മാത്രം

നിലവിലെ സംവിധാന പ്രകാരം ഇ-പോസ് മെഷീനിലൂടെ മാത്രമേ വിതരണം നടത്താനാവൂ. ബദൽ സംവിധാനമൊരുക്കണമെങ്കിൽ പ്രത്യേക ഉത്തരവ് വേണം. തിങ്കളും ചൊവ്വയും അവധിയായതിനാൽ റേഷൻ കടകൾ ഇനി ബുധനാഴ്ചയെ തുറക്കൂ. ഇന്നും കിറ്റ് വിതരണം സുഗമമായില്ലെങ്കിൽ ഓണം കഴിഞ്ഞേ മുൻഗണനേതര വിഭാഗക്കാർക്ക് കിറ്റ് ലഭിക്കൂ.