green-army
ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ വിളവെടുത്ത പച്ചക്കറി വില്പനയ്ക്കെത്തിച്ചപ്പോൾ

പെരിങ്ങോട്ടുകുറുശി: പ്രവാസി കൂട്ടായ്മ ഗ്രീൻ ആർമി നടുവത്തപ്പാറയിലെ തരിശുഭൂമിയിൽ വിളയിച്ച പച്ചക്കറി ഓണവിപണിയിലേക്ക്. ഇടനിലക്കാരില്ലാതെ ഗുണമേന്മയുള്ള പച്ചക്കറി ന്യായവിലയ്ക്ക് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൂട്ടായ്മ.

കാലാവസ്ഥ അനുകൂലമായതോടെ മികച്ച വിളവാണ് ലഭിച്ചത്. അഞ്ചേക്കർ തരിശുഭൂമിയിൽ പാവൽ, പടവലം, പയർ, കുമ്പളം, ചുരയ്ക്ക, വെണ്ട, അരിമുളക്, പച്ചമുളക്, മത്തൻ തുടങ്ങിയവയാണ് വിളവെടുത്തത്. പ്രാദേശിക തലത്തിൽ തന്നെ പരമാവധി പച്ചക്കറി വിപണനം നടത്താനാണ് ശ്രമം.

ഏഴേക്കറോളം ഒന്നാംവിള നെൽകൃഷിയും ഇറക്കിയിട്ടുണ്ട്. ഇതിന്റെ വിളവെടുപ്പ് അടുത്ത ഘട്ടത്തിൽ നടക്കും. പാട്ടത്തിനെടുത്താണ് കൃഷി. പച്ചക്കറി വിളവെടുപ്പിന് മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി.രവിശങ്കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.അനിത നന്ദൻ, ബ്ലോക്കംഗം കെ.പി.രതീഷ് ബാബു, ഗ്രീൻ ആർമി കൺവീനർ പ്രമോദ് നേതൃത്വം നൽകി.