പാലക്കാട്: പട്ടാമ്പി നഗരസഭ മത്സ്യമാർക്കറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. ഇതിന് മുന്നോടിയായി നഗരസഭാദ്ധ്യക്ഷൻ കെ.എസ്.ബി.എ തങ്ങളുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മാർക്കറ്റിൽ ഒരാഴ്ചത്തേക്ക് മൊത്തവ്യാപാരത്തിന് അനുമതി നൽകും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന മുറയ്ക്ക് പിന്നീട് റീട്ടെയിൽ വ്യാപാരം ആരംഭിക്കാനും തീരുമാനമായി. കൂടാതെ പ്രവർത്തന സമയം പുലർച്ചെ അഞ്ചുമുതൽ 7.30 വരെയാക്കി പുനർ നിശ്ചയിച്ചു.
മാസ്‌ക്, കൈയുറകൾ എന്നിവ ധരിക്കാത്തവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല, പ്രവേശനത്തിനും പുറത്തേക്ക് പോകാനും പ്രത്യേക സംവിധാനമൊരുക്കും. ഇവിടെ ഹാന്റ് വാഷ് സൗകര്യവും ലഭ്യമാക്കും. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം നിശ്ചിത ആളുകളെ മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കൂ. മറ്റു ജില്ലകളിൽ നിന്ന് കച്ചവടക്കാർ എത്തുന്നില്ലെന്ന് ഉറപ്പാക്കും. മാർക്കറ്റിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. മാർക്കറ്റിൽ വരുന്നവരുടെ പേരുവിവരം ശേഖരിക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ഡ്രൈവർ, ക്ലീനർ എന്നിവർക്ക് ആവശ്യമെങ്കിൽ റൂം സൗകര്യം ഒരുക്കും. മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തിന് അഞ്ചുപേരെ പ്രത്യേകം നിയോഗിക്കും. മാർക്കറ്റിൽ തട്ടുകട നടത്തുന്നതിന് നിരോധനമുണ്ട്. ഉപയോഗ ശേഷം മാസ്‌ക്, കൈയുറകൾ എന്നിവ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കും. പണം കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി നഗര പരിധിയിലെ എല്ലാ തെരുവ് കച്ചവടവും നിരോധിക്കും. മത്സ്യം വീടുകൾ തോറും കച്ചവടം ചെയ്യാമെങ്കിലും ഒരു കേന്ദ്രത്തിൽ നിറുത്തി കച്ചവടം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.