vegetables
മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ പച്ചക്കറി വിളവെടുപ്പിൽ നിന്ന്

മണ്ണാർക്കാട്: അധ്വാനിക്കാനുള്ള മനസും അർപ്പണബോധവും ഉണ്ടെങ്കിൽ തരിശുഭൂമിയിലും പൊന്നുവിളയും. മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള പച്ചക്കറി തോട്ടം ഏവർക്കും ഒരു പ്രചോദനമാണ്.

പെരിമ്പടാരി പേത്തോഴിക്കാവ് പ്രദേശത്ത് പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ഒരേക്കറിൽ നെൽകൃഷിയും മറ്റുള്ള സ്ഥലത്ത് വിവിധയിനം പച്ചക്കറികളുമാണ് കൃഷി ചെയ്തിട്ടുള്ളത്. പാവൽ, പടവലം, വെണ്ടക, വഴുതന, പച്ചമുളക്, പയർ, പീച്ചിങ്ങ, ചുരയ്ക്ക, മത്തൻ, കുമ്പളം എന്നിങ്ങനെ എല്ലാവിധ പച്ചക്കറികളും ഇവിടെ വിളഞ്ഞു. രാസവള്ളവും കീടനാശിനിയും ഉപയോഗിക്കാതെ പൂർണമായും ജൈവ രീതിയിലാണ് കൃഷി.

ജൂൺ അവസാനം പി.കെ.ശശി എം.എൽ.എ.യാണ് നടീൽ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ട വിളപ്പെടുപ്പ് ഉദ്ഘാടനം കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ബാങ്ക് ആരംഭിക്കുന്ന നാട്ടുചന്തയിലേക്കുള്ള പച്ചക്കറികളും ഇവിടെ ഉല്പാദിപ്പിക്കും. അസി.സെക്രട്ടറി അജയകുമാർ, സ്ഥലമുടമ പേരഞ്ചത്ത് വാര്യത്ത് മധു, റിട്ട.കൃഷി ഓഫീസർ വി.ജോസ്, ജോർജ് എന്നിവരും വിളവെടുപ്പിൽ പങ്കെടുത്തു.

കൃഷിയിൽ നിന്നകലുന്ന ജനതയെ തിരികെ കൊണ്ടുവരിക, അവർക്ക് മണ്ണിൽ പൊന്നുവിളയിക്കാൻ പ്രചോദനമേകുക എന്നതുകൂടി ലക്ഷ്യമിട്ടാണ് ബാങ്ക് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

എം.പുരുഷോത്തമൻ, സെക്രട്ടറി, മണ്ണാർക്കാട് റൂറൽ ബാങ്ക്‌.