പത്തനംതിട്ട : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പരിഷ്‌കരിച്ച 2020- 21ലെ വാർഷിക പദ്ധതികൾ അംഗീകരിക്കുന്നതിനും സുഭിക്ഷ കേരളം പദ്ധതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂർണാദേവിയുടെ അദ്ധ്യക്ഷത വഹിച്ചു.
45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഡിപിസിയുടെ അംഗീകാരത്തിനായി പ്രോജക്ടുകൾ സമർപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു.സി. മാത്യു പദ്ധതികൾ അവതരിപ്പിച്ചു.
ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു മുൻസിപ്പാലിറ്റികളും 35 ഗ്രാമപഞ്ചായത്തുകളും ഉൾപ്പടെ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി 2020- 21 വാർഷിക പദ്ധതി പരിഷ്‌കരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ച് അംഗീകാരം നേടി.
സുഭിക്ഷ കേരളം പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ കൂടാതെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ 13.14 കോടിയുടെ പദ്ധതികളാണ് നടത്തിവരുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 7.18 കോടിയുടെ 11 പദ്ധതികളാണ് നടപ്പാക്കുന്നത്. 885 ഹെക്ടർ ഭൂമിയിൽ പുതുതായി കൃഷി ചെയ്യുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 2.98 കോടിയുടെ 4 പദ്ധതികളാണ് നടപ്പാക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ 57 ലക്ഷം രൂപയുടെ ഒരു പദ്ധതിയാണ് നടപ്പാക്കുന്നത്. മത്സ്യബന്ധന വകുപ്പിന്റെ നേതൃത്വത്തിൽ 38 ലക്ഷം രൂപയുടെ ഒമ്പത് പദ്ധതികളും കുടുംബശ്രീയുടെ നേതൃത്വത്തിൽ 2.03 കോടി രൂപയുടെ ഒമ്പത് പദ്ധതികളുമാണ് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ യോഗങ്ങൾ രണ്ടാഴ്ച്ചയിൽ ഒരിക്കൽ കൂടണമെന്നും ഇതിന്റെ റിപ്പോർട്ട് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.
എഡിഎം അലക്സ് പിതോമസ്, അസിസ്റ്റന്റ് കളക്ടർ വി.ചെൽസാ സിനി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ലീലാ മോഹൻ, ആസൂത്രണ സമിതി അംഗങ്ങൾ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, വിവിധ വകുപ്പ്തല ജില്ലാ ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസ് യോഗത്തിൽ പങ്കെടുത്തു.