റാന്നി : വനം ഡിവിഷനിലെ 1536.82 ഹെക്ടർ ആരബിൾ ലാൻഡായ കൃഷിഭൂമി വനഭൂമിയാക്കി വനംവകുപ്പ് ഏറ്റെടുക്കുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വനംവകുപ്പ് അറിയിച്ചു.
മുമ്പ് റിസർവ് വനത്തിന്റെ ഭാഗമായിരുന്ന ആരബിൾ ലാൻഡ്, 1970ലെ ആരബിൾ ഫോറസ്റ്റ് ലാൻഡ് അസസ്‌മെന്റ് റൂൾ പ്രകാരം പട്ടയം നൽകി കൃഷിഭൂമിയാക്കി മാറ്റപ്പെട്ടതാണ്. ഇവിടെ കർഷകർ വീടുവച്ച് താമസിക്കുകയും വിവിധ വികസന പ്രവർത്തനങ്ങൾ നടന്ന് കഴിഞ്ഞതുമാണ്. ഇപ്രകാരമുള്ള പട്ടയഭൂമികളിൽ പട്ടാദാർമാർക്ക് അവർ ഇതുവരെ ചെയ്തുവന്നിരുന്ന എല്ലാവിധ പ്രവർത്തനങ്ങളും തുടർന്നും നിർവ്വഹിക്കാം. ഇക്കാര്യത്തിൽ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തടസ്സവാദങ്ങളും ഉണ്ടായിട്ടില്ല.
റാന്നി ഡിവിഷനിൽ ഷേത്തയ്ക്കൽ റിസർവ് വനത്തിൽ പതിച്ചുനൽകാത്തതായ 4.3440 ഹെക്ടർ നിബിഢവനത്തിലെ
സ്വാഭാവിക വനവൃക്ഷങ്ങൾ പൂർണമായും വെട്ടിനീക്കിയശേഷം ഇവിടെ പാറഖനനം നടത്താനുള്ള ശ്രമം ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഈ പ്രവൃത്തി തടഞ്ഞതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടികളെടുത്തു വരുന്നതിലും ചിലർക്ക് എതിർപ്പുണ്ട്.
ആരബിൾ ലാൻഡിലെ കർഷകർ ആശങ്കപ്പെടേണ്ടതില്ല.