കോന്നി: നിലംപൊത്താറായ പമ്പ് ഹൗസിൽ പ്രാണഭയത്തോടെ ജീവനക്കാർ. വാട്ടർ അതോറിട്ടിയുടെ മാരൂർപാലം കൊട്ടാരത്തിൽ കടവ് പമ്പ് ഹൗസിലെ ജീവനക്കാർക്കാണ് ഈ ഗതികേട്.പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലാത്ത പമ്പ് ഹൗസ് കെട്ടിടത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ഇളകി ചോർന്നൊലിക്കുന്ന നിലയിലാണ്.വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറുകൾ സ്ഥാപിച്ചിട്ടുള്ളതും ഇവിടെയാണ്.മോട്ടോറുകൾ മഴവെള്ളം വീണ് കേടാകുന്നത് പതിവായിട്ടുണ്ട്.മഴ പെയ്താൽ ജീവനക്കാർ രാത്രികാലങ്ങളിൽ പോലും പുറത്തിറങ്ങി നിൽക്കുകയാണ്.പമ്പ് ഹൗസ് പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
രണ്ട് പഞ്ചായത്തുകൾക്കുള്ള പദ്ധതി
കോന്നി ,അരുവാപ്പുലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് വാട്ടർ അതോറിറ്റി ഇവിടെ പമ്പ് ഹൗസ് സ്ഥാപിച്ചത്. രണ്ട് പഞ്ചായത്തുകളും ചേർന്നാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയത്.അന്നത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള വാട്ടർ ടാങ്കും, മൂന്ന് മോട്ടോറുകളും സ്ഥാപിച്ചു.വീടുകളുടെ എണ്ണം വർദ്ധിച്ചതും ഉപഭോഗം കൂടിയതും കാരണം പിന്നീട് ജലവിതരണം ഷിഫ്റ്റുകളാക്കിയാണ് നടത്തിയിരുന്നത്.തുടക്കത്തിൽ ഒരേ സമയം മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് മോട്ടോറുകൾ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ മിക്ക ദിവസങ്ങളിലും ഇവ പണിമുടക്കിലാണ്.ഇതു മൂലം അരുവാപ്പുലം,കോന്നി പഞ്ചായത്തുകളിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
ഭൂരിഭാഗം വാർഡുകളിലും ശുദ്ധജലം ഇവിടെ നിന്നും
കാലപ്പഴക്കമായവ മാറ്റി പുതിയ മോട്ടോറുകൾ സ്ഥാപിക്കുകയും ടാങ്കിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ നിലവിൽ ശുദ്ധജല വിതരണം ഒരുപരിധി വരെ കാര്യക്ഷമമാക്കാൻ കഴിയു. കോന്നി പഞ്ചായത്തിലെ 10മുതൽ 18വരെയുള്ള വാർഡുകളിലും,അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ അടക്കം വരുന്ന ഭൂരിഭാഗം വാർഡുകളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നത് ഇവിടെ നിന്നുമാണ്.
പൈപ്പ് പൊട്ടലും വില്ലൻ
കാല പഴക്കത്താൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ ഇടയ്ക്കിടെ പൊട്ടി പോകുന്നതും ജലവിതരണത്തിന് തടസം സൃഷ്ടിക്കുന്നു.കോന്നി മിനി സിവിൽ സ്റ്റേഷൻ,താലൂക്ക് ആശുപത്രി,ഫയർ സ്റ്റേഷൻ,പൊലീസ് സ്റ്റേഷൻ എന്നിങ്ങനെ നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്നത് ഈ പമ്പ് ഹൗസിൽ നിന്നാണ്.മിക്കയിടങ്ങളിലും പൈപ്പ് പൊട്ടൽ പതിവാണ്.
ശേഷി കൂടിയ മോട്ടോറുകൾ സ്ഥാപിച്ചു ടാങ്കിന്റെ ശേഷി വർദ്ധിപ്പിച്ചും ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം
(ജീവനക്കാർ)
-നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമില്ല
-മോട്ടോർ മിക്ക ദിവസവും കേട്