ചെങ്ങന്നൂർ: കാൽക്കോടിയോളം രൂപ ചെലവഴിച്ച് എട്ടു വർഷം മുൻപേ ഉദ്ഘാടനം നടത്തിയ നഗരസഭ അഗതി മന്ദിരത്തിന് ശാപമോക്ഷമാകുന്നു. നഗരസഭ ഏഴാം വാർഡ് മംഗലത്തിൽ നിർമ്മിച്ച അഗതിമന്ദിരം ഈ മാസം മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. അടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിന് അഗതി മന്ദിരം ഏറ്റെടുത്തു നടത്തുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ അനുമതി നൽകി. ജനകീയാസൂത്രണ പദ്ധതിപ്രകാരം വിവിധ വർഷങ്ങളിലായി പദ്ധതിവിഹിതത്തിന്റെ തുക നീക്കിവെച്ച് 2328813.00 രൂപ ചെലവഴിച്ച് 20 സെന്റ് സ്ഥലത്ത് പത്ത് പേർക്കോളം താമസിക്കാവുന്ന അഗതിമന്ദിരം നഗരസഭ നിർമ്മിച്ചത്. നിർമ്മാണം പൂർണമായും പൂർത്തിയാക്കി 2012 മാർച്ച് 23 ന് ഉദ്ഘാടനവും നടത്തിയിരുന്നു. ഇതിനുശേഷം എട്ടു വർഷമായി അഗതി മന്ദിരം അടഞ്ഞുകിടക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടുനടത്തുന്ന അഗതി മന്ദിരങ്ങളെ സംബന്ധിച്ച് സ്ഥിരമായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അഗതി മന്ദിരത്തിന്റെ നടത്തിപ്പ് തടസമായി വന്നു. അഗതി മന്ദിരത്തിനായി അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടം മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കാൻ നിയമപരമായ തടസവുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് അംഗീകാരമുള്ളതും സമാനരീതിയിൽ അഗതി മന്ദിരം നടത്തുന്നവരുമായിട്ടുള്ള നിയമാനുസൃതമായ കരാർ പ്രകാരം അഗതി മന്ദിരത്തിന്റെ നടത്തിപ്പ് വിട്ടുനൽകാൻ തീരുമാനിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിൽ തന്നെ നിലനിൽക്കുന്നതും നഗരസഭയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായുമാണ് അഗതി മന്ദിരം പ്രവർത്തിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന നഗരസഭാ ചെയർമാൻ ചെയർമാനായും യുപിഎ പ്രൊജക്ട് ഓഫീസർ കൺവീനറായുമുള്ള മോണിറ്ററിംഗ് സമിതിയിൽ എല്ലാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരും വാർഡ് കൗൺസിലറും തെരഞ്ഞെടുക്കപ്പെട്ട പൊതു പ്രവർത്തകരും അംഗങ്ങളായിരിക്കും. ഇവരുടെ മേൽനോട്ടത്തിലായിരിക്കും അഗതി മന്ദിരത്തിന്റെ പ്രവർത്തനം.