മലയാലപ്പുഴ: ഹാരിസൺ മലയാളം പ്ലാന്റെഷനിലെ കുമ്പഴത്തോട്ടത്തിലെ തമിഴ് സിലബസ് പഠിപ്പിച്ചിരുന്ന സ്‌കൂളിന് താഴ് വീണെങ്കിലും ഒരു കാലത്തിന്റെ ഒാർമ്മകൾ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു. രാജഭരണകാലത്ത് തോട്ടത്തിലെ തമിഴ് വംശജരായ തൊഴിലാളികളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം അവരുടെ മാതൃഭാഷയിൽ നൽകുന്നതിനായി ബ്രട്ടീഷുകാരാണ് സ്‌കൂൾ തുടങ്ങിയത്. എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിൽ അക്കാലത്ത് തമിഴ് വംശജരായ 2000 തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്നു. തിരുനെൽവേലി, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നെത്തിയ തൊഴിലാളികളായിരുന്നു ഏറെയും. അക്കാലത്ത് ഈ സ്‌കൂളിൽ മലയാളം, തമിഴ് സിലമ്പസുകളുണ്ടായിരുന്നെങ്കിലും തമിഴ് പഠിക്കാനായിരുന്നു ഏറെയും കുട്ടികൾ എത്തിയിരുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്കായി 8 ഡിവിഷനുകളുണ്ടായിരുന്നു. എസ്റ്റേറ്റ് മാനേജർമാരായിരുന്ന ഹോക്കിൻസ്, ലോസൻ എന്നീ ബ്രിട്ടീഷുകാരാണ് സ്‌കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത്.
മലനാട്ടിലെ തമിഴ് പഠനം
കുമ്പഴത്തോട്ടത്തിലെ സ്കൂൾ 1945ൽ സ്ഥാപിച്ചു. നൂറ് കണക്കിന് കുട്ടികൾ പഠിച്ചിരുന്നു. തമിഴ് സിലബസ് പഠിപ്പിച്ചിരുന്ന ജില്ലയിലെ രണ്ട് സ്‌കൂളുകളിലൊന്നായിരുന്നു ഇത്. മറ്റൊരു സ്‌കൂൾ ഗവിയിലായിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസി സ്‌കൂളുകളുടെ വരവോടെ തമിഴ് വിദ്യാലയത്തിന് കാലക്കേട് തുടങ്ങി. തോട്ടം തൊഴിലാളികൾ മക്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ കൂടുതൽ താത്പര്യം കാണിച്ച് തുടങ്ങിയതോടെ കുട്ടികൾ കുറഞ്ഞു. 2011 ൽ സ്‌കൂളിന്റെ പ്രവർത്തനം നിലച്ചു. കരിങ്കല്ലിൽ പണിത സ്‌കൂൾ കെട്ടിടം കാര്യമായ കേടുപാടുകളില്ലാതെ പഴയ തമിഴ് പാഠങ്ങളുടെ ഓർമ്മകളുമായി അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡരികിലുണ്ട്.
1957ൽ വിദ്യാഭ്യാസ ബിൽ പാസായെങ്കിലും അൺഎയ്‌ഡെഡ് മേഖലയിലായിരുന്ന ഈ സ്‌കൂൾ സർക്കാരിന് വിട്ടുനൽകാൻ ഹാരിസൺ കമ്പനി തയ്യാറായില്ല. സർക്കാർ സ്‌കൂളുകളിൽ ലഭിക്കുന്ന വേതനത്തെക്കാൾ കൂടുതൽ ആദ്യകാലത്ത് ലഭിച്ചിരുന്നതിനാലാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
ദീനാമ്മ ബേബി, മുൻ ഹെഡ്മിസ്ട്രസ്