ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ രണ്ട് കണ്ടക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ജീവനക്കാർ ആശങ്കയിൽ. 25ന് കൊട്ടാരക്കര പുലമൺ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കു പുറമേ സഹ പ്രവർത്തകനായ കൊല്ലം സ്വദേശിക്കും 30ന് രോഗം സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പുലമൺ സ്വദേശി ക്കൊപ്പം സമ്പർക്കം പുലർത്തിയിരുന്ന ആളാണ് കഴിഞ്ഞ ദിവസം രോഗം പോസിറ്റീവായ കൊല്ലം സ്വദേശി . ഇദ്ദേഹം 18നും ചെങ്ങന്നൂരിൽ ഡ്യൂട്ടിയ്ക്ക് എത്തിയതായി സഹപ്രവർത്തകർ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞുള്ള രാത്രികളിൽ വിശ്രമമുറിയിൽ ഒന്നിച്ച് കിടന്നുറങ്ങിയ ശേഷമാണ് വീട്ടിൽ പോയിരുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ച പുലമൺ സ്വദേശിയും 16ന് ഡ്യൂട്ടി കഴിഞ്ഞ രാത്രിയിലും അതിനു മുൻപുള്ള ദിവസങ്ങളിലും രാത്രി ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം വിശ്രമമുറിയിൽ ഉറങ്ങി നേരം വെളുത്ത ശേഷമാണ് വീട്ടിൽ പോയിരുന്നത്.
ഈ വസ്തുതകൾ മറച്ചു വച്ചാണ് കെ.എസ്.ആർ.ടി.സി അധികൃതർ സംസാരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
രണ്ട് ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഭയാശങ്കയോടാണ് ജീവനക്കാർ ഡ്യൂട്ടിക്കെത്തുന്നത്.
ഡ്യൂട്ടിക്കെത്താതിരുന്നാൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നുള്ള ഭയം മറ്റൊരു തരത്തിൽ ഇവരെ വേട്ടയാടുന്നുണ്ട്. കൊവിഡ് രോഗികളായുള്ള കണ്ടക്ടർമാരുമായി സമ്പർക്കമുണ്ടായിരുന്ന വരുടെ മുഴുവൻ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പിനും കെ.എസ് ആർ ടി.സി അധികൃതർക്കും അത് പൂർത്തിയാക്കാൻ ഇതുവരെ സാദ്ധ്യമായിട്ടില്ല. 26 പേരുടെ സ്രവം മാത്രമാണ് പരിശോധിച്ചത്. പരിശോധനാ ഫലം ദിവസങ്ങളായിട്ടും അറിയാൻ സാധിച്ചിട്ടില്ല.
അതേ സമയം കണ്ടെയ്ൻമെന്റ് സോണിൽ കഴിഞ്ഞിരുന്ന ആളായതിനാൽ 16ന് ശേഷം കൊല്ലം സ്വദേശി ഡിപ്പോയിൽ ഡ്യൂട്ടിയ്ക്ക് എത്തിയിട്ടില്ലന്ന് എ.ടി.ഒ. പറഞ്ഞു. ആദ്യം കൊവിഡ് പോസിറ്റീവായിരുന്ന കൊട്ടാരക്കര പുലമൺ സ്വദേശിയും 16 ന് ശേഷം ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.