coffe

കൊടുമൺ : പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്റ്റേറ്റിലെ

റബർത്തോട്ടങ്ങളിൽ ഇനി കാപ്പി മണക്കും. റബ്ബറിന് വില തകർച്ച നേരിട്ടതോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇടവിള കൃഷിയായി കാപ്പി തൈകൾ നടുവാൻ തീരുമാനിച്ചത്. വയനാട്ടിൽ റോയി ആന്റണി എന്ന കർഷകൻ ഇടവിളയായി കാപ്പി നട്ട് വിജയം കൈവരിച്ചതും പ്രേരണയായി. പ്ലാന്റേഷൻ കോർപ്പറേഷന്റെ കോരുവിള ഡിവിഷൻ ഡി യിൽ 5 ഏക്കർ സ്ഥലത്ത് 200 കാപ്പിതൈകളാണ് ഇടവിളയായി നട്ടിരിക്കുന്നത്. അറബിക എന്ന ഇനത്തിൽപ്പെട്ടതാണിത്. മൂന്ന് വർഷത്തിന് ശേഷം വിളവെടുക്കാനാകും. 30 മുതൽ 80 ശതമാനം വരെ തണലുള്ള ഇടങ്ങളിലും നന്നായി വളരും എന്നതാണ് ഈ കാപ്പിയിനത്തിന്റെ പ്രത്യേകത. തണൽ കൂടുന്നതനുസരിച്ച് വളർച്ചയും നന്നാകും. സാധാരണ കാപ്പിയിനങ്ങളെ പോലെ ഈ ഇനത്തിന് പക്ക വേരുകളില്ല. ആഴത്തിൽ പോകുന്ന തായ് വേരുകളാണ്. ഇരുപതടി അകലത്തിൽ നട്ട റബർ മരങ്ങൾക്കിടയിൽ മൂന്ന് നിരയായും 15 അടി അകലത്തിൽ നട്ട റബ്ബർ മരങ്ങൾക്കിടയിൽ രണ്ട് നിരയായും കാപ്പിച്ചെടി വളർത്താം. ഒരേക്കറിൽ 1800 കാപ്പി ചെടികൾ വരെ ഇടവിളയായി വളർത്താനാകും. മൂന്നാം വർഷം മുതൽ ഒരു ചെടിയിൽ നിന്ന് ഒരു കിലോ വരെ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. റബ്ബറിന്റെ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് ആശ്വാസമാകും കാപ്പിക്കൃഷി.

കോരുവിളയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കാപ്പി കൃഷി ചെയ്യുന്നത്. വിജയകരമായാൽ മറ്റ് ഡിവിഷനിലേക്കും വ്യാപിപ്പിക്കും.

സന്തോഷ്.എം

(കൊടുമൺ എസ്റ്റേറ്റ് മാനേജർ )