road
മിത്രപുരം ഗാന്ധിനഗർ ലക്ഷംവീട് കോളനിയിലേക്കുള്ള റോഡിൽ മലയിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ

അടൂർ : നഗരസഭയിൽ മിത്രപുരം ഒന്നാം വാർഡിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മല ഇടിഞ്ഞു റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു.വെള്ളിയാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് മലയിടിഞ്ഞത്. മണ്ണും വലിയ ഉരുളൻ പറയും റോഡിലാണ് പതിച്ചത്. എം.സി റോഡിൽ നിന്നും ഗാന്ധിനഗർ ലക്ഷംവീട് കോളനിയിലേക്ക് പോകുന്ന റോഡിൽ കുളത്തൂർപടി ഭാഗത്താണ് മിത്രപുരം അമലഗിരി എസ്റ്റേറ്റിന്റെ ഒരുഭാഗമാണ് ഇടിഞ്ഞുവന്ന് റോഡിൽ പതിച്ചത്.വലിയ ഉരുളൻ ചീക്കപ്പാറയും മണ്ണും റോഡിൽ കുന്നുകൂടിയതോടെ ഇതുവഴിയുള്ള ഗതാഗതം പർണമായും തടസപ്പെട്ടു.സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.നഗരസഭാ എൻജിനിയറും വാർഡ് കൗൺസിലർ ഉമ്മൻതോമസും സ്ഥലം സന്ദർശിച്ചു.പാറയും മണ്ണും മാറ്റി റോഡ്‌ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ഉമ്മൻ തോമസ് ആവശ്യപ്പെട്ടു.