benthi

പത്തനംതിട്ട: ഒരേക്കറിൽ ബന്തി ചെടികൾ വളർത്തി ലോക്ക് ഡൗണിൽ പൂക്കാലമൊരുക്കുകയാണ് റിട്ട.എൻജിനീയർ കൃഷ്ണൻ നായർ. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും നമ്മുടെ നാട്ടിൽ നിത്യേന ലോഡുകണക്കിന് എത്തുന്ന ബന്തി പുക്കൾ ഇടയാറൻമുള ഗ്രാമത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നതറിഞ്ഞ് വാങ്ങാൻ കച്ചവടക്കാരും എത്തുന്നു. ഒരേക്കറിൽ നട്ടാൽ ലാഭം 50,000 രൂപ വരെ കിട്ടുമെന്ന് കൃഷ്ണൻ നായർ പറയുന്നു.നാട്ടിലെ പതിവ് കൃഷിയിൽ നിന്ന് വ്യത്യസ്തമായത്. ചെയ്യണമെന്ന ചിന്തയാണ് എഴുപത്തിരണ്ടുകാരനായ കൃഷ്ണൻനായരെ ബന്തി ചെടികളിലെത്തിച്ചത്.

ലോക്ക് ഡൗൺ എത്തുംമുമ്പേ കർണാടകയിലെ ഹൊസൂരിൽ നിന്ന് ആയിരം തൈകൾ കൊണ്ടുവന്നു. വീട്ടുവളപ്പിൽ നട്ടുവളർത്തി.പ‌രിപാലിക്കാൻ ബുദ്ധിമുട്ടില്ല. വേണമെങ്കിൽ കുറച്ച് ജൈവവളം വിതറാം. രണ്ടു മാസം വേണ്ടി വന്നില്ല. ചെടികൾ പൂവിട്ടു. ഒരുവട്ടം പൂവിടുന്നതോടെ ചെടികളുടെ ആയുസ് കഴിയും. ഉണങ്ങിയ വിത്തുകൾ പാകി തുടർകൃഷി ചെയ്യാം. വലിയ അദ്ധ്വാനം വേണ്ട. മലയാളികൾക്ക് ആവശ്യമായ പൂക്കൾ കേരളത്തിൽ തന്നെ കൃഷി ചെയ്യാൻ കഴിയുമെന്ന് കേരള സർക്കാരിലും പിന്നീട് ലിബിയയിലും ജോലി നോക്കിയ ഈ മുൻ കെമിക്കൽ എൻജിനിയർ പറയുന്നു. മക്കളായ പ്രിയയും ലക്ഷ്മിയും കുടുംബ സമേതം വിദേശത്തായതിനാൽ വീട്ടിൽ ഭാര്യ ഇന്ദിരയും കൃഷ്ണൻനായരും മാത്രമാണ്.

കേരളത്തിന്റെ കാലാവസ്ഥയിൽ ഈ പൂക്കൾ വ്യാപകമായി കൃഷി ചെയ്യാൻ കഴിയും. ചെറുപ്പക്കാർക്ക് നല്ലൊരു വരുമാന മാർഗമാവും.

കൃഷ്ണൻ നായർ,

റിട്ട. എൻജിനിയർ