അടൂർ: അടൂരിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച 4 മണിക്കൂറോളം ചെലവഴിച്ച പത്തനംതിട്ട സ്വദേശിനിയായ യുവതിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇവർ സെൻട്രൽ ജംഗ്ഷനിലെ ഒരു ഫാൻസി സ്റ്റോറിൽ കയറിയതായുള്ള വിവരത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരും പൊലീസും എത്തി കട അടപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച അറുകാലിക്കൽ സ്വദേശിയായ 57 കാരന് ഭാര്യയിലൂടെയാണ് രോഗം പകർന്നത്. ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരനായ പന്നിവിഴ സ്വദേശിയായ 44 കാരനാണ് മറ്റൊരാൾ. തെങ്ങമം സ്വദേശിനിയും കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയുമായ 57 കാരിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വ്യക്തമല്ല. സൂപ്രണ്ടിന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചു. മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള നാല് ജീവനക്കാരുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്.