പത്തനംതിട്ട :പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നാലിന് ഉച്ചക്ക് 2.30ന് റാന്നി അങ്ങാടിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിക്കും.വെള്ളപ്പൊക്കത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ 1,000 കോടി രൂപ വിനിയോഗിച്ചാണ് ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നത്. റാന്നി നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെ 78 റോഡുകൾ പുനരുദ്ധരിക്കുന്നതിനുവേണ്ടി 15 കോടി രൂപയാണ് പദ്ധതിപ്രകാരം വകയിരുത്തിയിരിക്കുന്നത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. അങ്ങാടി ഈട്ടിച്ചുവട് നസ്രേത്ത് പള്ളി ഓഡിറ്റോറിയത്തിലാണ് ജില്ലയിലെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജു ഏബ്രഹാം എം.എൽ.എ സ്വാഗതം പറയും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു,പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, എക്‌സിക്യൂട്ടീവ് എൻജിനിയർ (എൽ.എസ്.ജി.ഡി), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുക്കും.


അടൂർ മണ്ഡലത്തിലെ എട്ട് റോഡുകൾക്ക് 1.25 കോടി


പത്തനംതിട്ട : അടൂർ നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമീണ റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. ഏഴംകുളം പഞ്ചായത്തിലെ മാങ്കൂട്ടംകുതിരമുക്ക് റോഡിന് 25 ലക്ഷം രൂപയും ഓന്തുപാറചരുവിളപടി റോഡിന് 10 ലക്ഷം രൂപയും എം.സി റോഡ് വറുവശേരിപടി റോഡിന് 10 ലക്ഷം രൂപയും വകയിരുത്തി. തുമ്പമൺ പഞ്ചായത്തിലെ ഇന്ദിര ജംഗ്ഷൻപാറപ്പാട്ട് ഗുരുനാഥൻകാവ് റോഡിന് 10 ലക്ഷം രൂപയും പന്തളം നഗരസഭയിലെ തറയിൽപടിമുകളിൽ പടിഞ്ഞാറ്റതിൽ റോഡിന് 15 ലക്ഷം രൂപയും കടമ്പനാട് പഞ്ചായത്തിലെ മുളയംകോട്ട്പടിതാഴത്ത് റോഡിന് 15 ലക്ഷം രൂപയും പള്ളിക്കൽപഞ്ചായത്തിലെ കൂട്ടിങ്ങൽ ക്ഷേത്രംവഞ്ചിമുക്ക് റോഡിന് 2.25 ലക്ഷം രൂപയും കുന്നുംപുറത്ത്പടിവട്ടക്കാട്ട്തറപ്പടി റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചു.

-വെള്ളപ്പൊക്കത്തിൽ തകർന്ന ഗ്രാമീണ റോഡുകൾക്ക് 1,000 കോടി

റാന്നി മണ്ഡലത്തിൽ-------

12 പഞ്ചായത്ത് 78 റോഡുകൾ -15 കോടി