നാല് വാർഡുകൾ കണ്ടൈൻമെൻറ് സോൺ
തിരുവല്ല: താലൂക്കിലെ ഗ്രാമീണ മേഖലകളിലും കൊവിഡ് രോഗികൾ കൂടുന്നു. പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലായി 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പെരിങ്ങര പഞ്ചായത്തിലെ 9, 15 വാർഡുകളും നെടുമ്പ്രം പഞ്ചായത്തിലെ 3, 13 വാർഡുകളും ഇന്നലെ മുതൽ കണ്ടൈൻമെൻറ് സോണാക്കി. പെരിങ്ങരയിൽ 20 പേരും നെടുമ്പ്രം പഞ്ചായത്തിൽ ആറുപേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടും. ഇതിൽ 12 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ചങ്ങനാശ്ശേരി ക്ലസ്റ്ററിലൂടെ രോഗബാധിതനായ പെരിങ്ങരയിലെ മത്സ്യവ്യാപാരിയുടെ സമ്പർക്കത്തിൽപ്പെട്ട ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ബന്ധുക്കളായ രണ്ടുപേരും പാൽസംഭരണ കേന്ദ്രത്തിലെ ചുമതലക്കാരായ മൂന്നുപേരും നെടുമ്പ്രം കോച്ചാരിമുക്കം സ്വദേശിയും ഉൾപ്പെടും. ഫാസ്റ്റ് ഫുഡ് കടയുടമയുടെ സമ്പർക്കം വഴി ഇയാളുടെ ബന്ധുക്കളായ മൂന്നുപേർക്കും സമീപവാസികളായ രണ്ടുപേർക്കും നെടുമ്പ്രം പഞ്ചായത്തിലെ മെമ്പറുടെ മകനും പോസിറ്റിവായി. മറ്റു രോഗബാധിതർ പുറത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. ആഞ്ഞിലിത്താനത്ത് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശേരി ക്ളസറ്ററുമായി ബന്ധമുള്ള മത്സ്യവ്യാപാരിയുടെ ബന്ധുക്കളാണിവർ.