പത്തനംതിട്ട : കോന്നി ടൗണിൽ ചുമട്ടുതൊഴിലാളിയായും, ഓട്ടോറിക്ഷാ തൊഴിലാളിയായും പ്രവർത്തിച്ചു കൊണ്ടിരുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോന്നിയിൽ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. കൊവിഡ് സ്ഥിരീകരിച്ച യുവാവിന് കോന്നി ടൗണിൽ തൊഴിൽ സംബന്ധമായ വ്യാപക സമ്പർക്കമാണ് ഉള്ളത്.
ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരൊക്കെ ആശങ്കയിലാണ്. അടിയന്തരമായി കൊവിഡ് പരിശോധന ഇവർക്കിടയിൽ നടത്താൻ ഡി.എം.ഒ നടപടി സ്വീകരിക്കണം.
കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. ഭയപ്പെടുകയല്ല ജാഗ്രതയും, മുൻകരുതലും എടുക്കുകയാണ് ആവശ്യം.
ആരോഗ്യ വകുപ്പും പഞ്ചായത്തും പൊലീസും നൽകുന്ന നിർദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണം. വിവിധ വകുപ്പുകൾ ജാഗ്രതയോടെ ഏകോപിച്ച് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പരിശ്രമത്തിലാണ്. എല്ലാവരുടെയും പിൻതുണയോടെ ഈ മഹാമാരിയെ അതിജീവിക്കാൻ കോന്നി ജനത ഒറ്റക്കെട്ടായി നിൽക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.