പത്തനംതിട്ട: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങൾക്കു വൻസാമ്പത്തിക ബാധ്യതയാകുന്നു. പഞ്ചായത്തുകളിലും നഗരസഭകളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചതോടെയാണ് സാമ്പത്തികം പ്രശ്നമായിരിക്കുന്നത്. ഒന്നിനു പകരം രണ്ടും മൂന്നും കേന്ദ്രങ്ങൾ സ്ഥാപിച്ച് ചില പഞ്ചായത്തുകൾ മികവ് കാട്ടുമ്പോൾ ഒരെണ്ണമെങ്കിലും സ്ഥാപിക്കാൻ നെട്ടോട്ടം ഓടുകയാണ് പലരും. കൊവിഡ് കാലത്തെ വിവിധ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഇതിനോടകം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു കഴിഞ്ഞു. പദ്ധതി പ്രവർത്തനം പോലും പാതിവഴിയിൽ ഉപേക്ഷിച്ച് മാർച്ച് മുതൽ പഞ്ചായത്തുകളും നഗരസഭകളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്. ലോക്ക് ഡൗൺ കാലത്തെ സമൂഹഅടുക്കളയുടെ പ്രവർത്തനത്തിന് തനതുഫണ്ടാണ് ചെലവഴിച്ചത്. തനതുഫണ്ട് കുറവായിട്ടുള്ള തദ്ദേശസ്ഥാപനങ്ങൾ അന്നേ സാമ്പത്തിക ബുദ്ധിമുട്ടിലായതാണ്. പിന്നീട് കൊവിഡ് കെയർ സെന്ററുകൾ ആരംഭിച്ചതോടെ വീണ്ടും ബാദ്ധ്യതയായി. ഇവിടങ്ങളിലെ താമസസൗകര്യം, ഭക്ഷണം എന്നിവയ്ക്കായി വീണ്ടും ചെലവ് വർദ്ധിക്കുകയാണ്. സർക്കാർ ഫണ്ട് നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. കൊവിഡ് കെയർ സെന്ററുകൾക്ക് ചെലവഴിച്ച പണം ദുരന്തനിവാരണ അതൊറിട്ടി ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ബില്ലുകൾ സമർപ്പിച്ച ആർക്കും പണം ലഭിച്ചിട്ടില്ല. തനതുഫണ്ട് തീർന്ന പഞ്ചായത്തുകളോടു പദ്ധതി ഫണ്ട് വിനിയോഗിച്ചുകൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. പദ്ധതി ഫണ്ടാകട്ടെ വെട്ടിച്ചുരുക്കി. ധനകാര്യ കമ്മിഷൻ വിഹിതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ വിനിയോഗത്തിന് മാർഗനിർദേശം വേറെയാണ്. തനതുഫണ്ടിലെ പണവും സർക്കാർ ഗ്രാന്റുമൊക്കെ ചെലവഴിച്ച് ദൈനംദിന പ്രവർത്തനങ്ങളും ശമ്പളവും നൽകിവന്ന തദ്ദേശസ്ഥാപനങ്ങൾക്കാണ് കൊവിഡുകാല പ്രതിരോധ പ്രവർത്തനങ്ങൾ കീറാമുട്ടിയായി മാറിയത്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പു കൂടി വരുന്നതിനാൽ ഫണ്ട് വിനിയോഗത്തിന്റെ പൂർണ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ ചുമതലയിലാകും.
*കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ നടത്തിപ്പിന് വൻതുക കണ്ടെത്തണം. കിടക്ക ഉൾപ്പെടെ പ്രാഥമിക സൗകര്യങ്ങൾ, പി.പി.ഇ കിറ്റ്, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഒരുക്കണം. കൂടാതെ നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ ഇവരുടെ നിയമനവും വേതനവുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാണ്. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ പ്രതിദിന ഭക്ഷണം അടക്കം ഓരോദിവസവും കുറഞ്ഞത് കാൽലക്ഷം രൂപ വേണം. സ്‌പോൺസർമാരെ കണ്ടെത്താൻ നിർദേശമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം പലയിടത്തും ഇതിനും ബുദ്ധിമുട്ടായി.
' പത്തനംതിട്ട നഗരസഭയിൽ പി.ഡബ്യൂ.ഡിയ്ക്ക് മാത്രം 4.8 ലക്ഷം രൂപ അടച്ചിട്ടുണ്ട്. മറ്റ് ചെലവുകൾ എല്ലാം നഗരസഭയുടെ ഫണ്ടാണ്. മാർച്ച് മുതലുള്ള ലേലവും പരിപാടികളും ഒന്നും നടന്നിട്ടില്ല.
റോസ്ലിൻ സന്തോഷ്,
( നഗരസഭ ചെയർപേഴ്‌സൺ)
വലിയവരുമാനമുള്ള പഞ്ചായത്തല്ല ചെറുകോൽ. ടാക്‌സ് മാത്രമേയുള്ളു. ഇതു വരെ സ്‌പോൺസർഷിപ്പ് കൊണ്ടാണ് പ്രവർത്തിച്ചത്.
ചെറുകോൽ പഞ്ചായത്ത് അധികൃതർ