പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിൽ ഹരിതകേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതി പശുക്കൾ ചവിട്ടിമെതിച്ച് നശിക്കുന്നു. ഒന്നാം വാർഡിൽ ആറാട്ട് ചിറയുടെ നാലതിരുകളിലുമാണ് പദ്ധതിക്ക് ഇടമൊരുക്കിയത്. ജില്ലാകളക്ടർ പി.ബി.നൂഹ് കഴിഞ്ഞ ജനുവരിൽ ഉദ്ഘാടനം നിർവഹിച്ചു. ഏഴേക്കറോളം വരുന്ന ജലാശയമായ ആറാട്ടുചിറയുടെ നാലതിരുകളിലും ഒൗഷധസസ്യങ്ങളും മറ്റുസസ്യങ്ങളും നട്ടുവളർത്തുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. തൈകൾ നട്ട് കപ്പതണ്ടുകൊണ്ട് താൽകാലിക വേലിയും സ്ഥാപിച്ചിരുന്നു. പിന്നീടാരും ഇൗ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. റോഡിനോടുചേർന്ന് നട്ട തൈകളെല്ലാം ഫെബ്രുവരിയിൽ പുല്ലിന് തീയിട്ടപ്പോൾ കരിഞ്ഞുപോയി. പകുതിയിലേറെയും ഉണങ്ങിപോകുകയുംചെയ്തു. ഇപ്പോൾ പച്ചത്തുരുത്തിനായി തൈകൾ നട്ട സ്ഥലങ്ങളിൽ പശുക്കളെ കെട്ടുകയാണ് നാട്ടുകാർ.
പച്ചത്തുരുത്തിന്റെ ലക്ഷ്യം
പരിസ്ഥിതി സന്തുലനം നിലനിറുത്താൻ, ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, പരിസ്ഥിതിസംരക്ഷണത്തിന്റെപ്രാധാന്യം ജനങ്ങളിലെത്തിക്കുക.
ആറാട്ട് ചിറ
സർക്കാരിന്റെ പച്ചത്തുരുത്തില്ലെങ്കിലും പ്രകൃതി ഒരുക്കിയ പച്ചത്തുരത്തുകളാൽ സമ്പന്നമാണ് ആറാട്ട് ചിറ. ചിറക്കുചുറ്റം നിരവധികാവുകൾ, കാവുകളിൽ മുപ്പതിലധികം പക്ഷികൾ, 21 ഇനം ചിത്രശലഭങ്ങൾ,13 ഇനം ഉരഗങ്ങൾ, അപൂർവ്വമായ 63 ഇനം ഒൗഷധസസ്യങ്ങൾ എന്നിവയുണ്ട് .
(പള്ളിക്കൽ പി.യു.എസ്.പി.എം സ്കൂളിലെ അഗ്രികൾച്ചർ, ബോട്ടണി,സുവോളജി വിഭാഗം അദ്ധ്യാപകരും കർഷകപ്രതിനിധികളും കാവുകൾ സന്ദർശിച്ച് നടത്തിയ പഠനത്തിലാണ് ഇവ കണ്ടെത്തിയത്).
ഒാരോ പദ്ധതി പ്രഖ്യാപിക്കും കുറെ പണവും ചെലവഴിക്കും. പിന്നീട് തിരിഞ്ഞുനോക്കില്ല. അധികൃതർ നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങളെല്ലാം പച്ചത്തുരുത്ത് മോഡലിൽ അവസാനിക്കുകയാണ് .
പ്രദേശവാസി