neerchal-
നീരൊഴുക്കില്ലാതെ നശിക്കുന്ന പന്തളം മുട്ടാർ നീർച്ചാൽ

പന്തളം: മാലിന്യങ്ങൾ നിറഞ്ഞ് ഒരു നാടിന്റെ മുഴുവൻ ശാപമായി മാറിയ മുട്ടാർ നീർച്ചാൽ വീണ്ടെടുക്കാനാകുമോ ?. കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

തെളിനീരായി പന്തളം കുറുംന്തോട്ടയം കവലയിലൂടെ ഒഴുകിയിരുന്ന നീർച്ചാൽ 40 വർഷം മുമ്പുവരെ കുടിവെള്ള സ്രോതസായിരുന്നു.
30 മീറ്ററിലേറെ വീതിയുണ്ടായിരുന്ന ചാലിനിരുവശവും നിരവധി കുളിക്കടവും. എന്നാൽ കൈയേറ്റം നീർച്ചാലിനെ ഇല്ലാതാക്കി. നീരൊഴുക്കു നിലച്ച് പലയിടങ്ങളിലും ഓടയുടെ അവസ്ഥയായി.

മത്സ്യമാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും ചാലിന്റെ വശങ്ങളിലെ ചില സ്ഥാപനങ്ങളിലെയും വീടുകളിലെയും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടും വെള്ളം മലിനപ്പെടുകയായിരുന്നു.

ഒരുകാലത്ത് 800 ഹെക്ടറിലേറെ പാടശേഖരങ്ങളിലെ നെൽകൃഷിക്കു വെള്ളം നല്കിയിരുന്നത് ഈ നീർച്ചാലിൽ നിന്നാണ്. ജലലഭ്യത ഇല്ലാതായി കണ്ണട്ടയുടെ ശല്യം പെരുകി പാടശേഖരങ്ങളുടെ ഭൂരിഭാഗവും കൃഷിയിറക്കാൻ കഴിയാതെ തരിശായി മാറി. നീർച്ചാലിനു സമീപമുള്ള കിണറുകളിലെ ജലം മലിനമാകുകയും ചെയ്തു. തെളിനീരൊഴുകിയിരുന്ന കാലത്ത് കരിമീൻ, വാഹ, ചാത്തി, കാരി ഉൾപ്പെടെയുള്ള മത്സ്യങ്ങളാലും സമൃദ്ധമായിരുന്നു നീർച്ചാൽ. കുട്ടവഞ്ചികളിലും വള്ളങ്ങളിലും ഇവിടെ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയവരുമുണ്ട്. എന്നാൽ ഇപ്പോൾ കരിമീനുൾപ്പെടെയുള്ളവ ചാലിൽ ഇല്ലാതായി.

പദ്ധതികളും പാളി

നീർച്ചാൽ പുനരുജ്ജീവിപ്പിക്കുന്നതിനായി 1 കോടി രൂപ സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞു. 20 ലക്ഷം രൂപയുടെ പദ്ധതി നഗരസഭയും തയ്യാറാക്കിയിരുന്നു.
നീർച്ചാൽ പുനരുജ്ജീവിപ്പിച്ച് ബോട്ടിംഗ് ഉൾപ്പെടെയാണ് നഗരസഭ വിഭാവനം ചെയ്തത്. വശങ്ങളിൽ പാർക്കുകളും നടപ്പാതയും നിർമ്മിക്കാനും ലക്ഷ്യമിട്ടു. എന്നാൽ 15 ലക്ഷം രൂപയുടെ നിർമ്മാണത്തിനെ അനുമതി ലഭിച്ചുള്ളു. കുറുംതോട്ടയം പാലം മുതൽ താഴോട്ടുള്ള ഭാഗത്ത് പണികൾ ആരംഭിച്ച് പാർട്ട് ബില്ലിന് കരാറുകാരൻ സമീപിച്ചപ്പോൾ പണം നൽകാൻ നഗരസഭ തയ്യാറായില്ല.

അതോടെ പണിയും മുടങ്ങി.
കൈയേറ്റങ്ങളൊഴിപ്പിക്കാൻ സർവേ തുടങ്ങിയെങ്കിലും ഒരു കല്ല് സ്ഥാപിച്ചതല്ലാതെ തുടർനടപടികളൊന്നുമുണ്ടായില്ല.

മുട്ടാർ നീർച്ചാൽ : മാവര പാടശേഖരത്തിൽ നിന്ന് തുടക്കം. 8 കിലോമീറ്ററുകളൊഴുകി കരിങ്ങാലി പുഞ്ചയിലൂടെ വലിയ തോട്ടിൽ സംഗമിച്ച് അച്ചൻകോവിലാറിലേക്ക് ഒഴുകുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പും അതിനുശേഷം കൊവിഡ് രോഗബാധയുമാണ് നീർച്ചാലിന്റെ വീണ്ടെടുപ്പിന് തടസമായത്.

രോഗം ശമിക്കുന്ന മുറക്ക് തുടർനടപടികൾ ആരംഭിക്കും.

ചിറ്റയം ഗോപകുമാർ എം.എൽ.എ