case-against-forest-staff

പത്തനംതിട്ട: വനപാലകർ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ചിറ്റാർ കുടപ്പന സ്വദേശി മത്തായി (പൊന്നു - 41) കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വൻ വീഴ്ചയുണ്ടായതായി വിലയിരുത്തൽ. സതേൺ കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് സഞ്ജിൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മത്തായിയുമായി തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥർ, വടശേരിക്കരറേഞ്ച് ഒാഫീസർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് നിയമപരമായി പാലിക്കേണ്ട ഉത്തരവാദിത്വം നിർവഹിച്ചില്ലെന്ന് കണ്ടെത്തി. റിപ്പോർട്ട് ചീഫ് കൺസർവേറ്റർ ഫോറസ്റ്റർക്ക് ഉടൻ സമർപ്പിക്കും.സംഭവത്തിൽ റേഞ്ച് ഒാഫീസർ ഉൾപ്പെടെ ഏഴുപേരെ സ്ഥലം മാറ്റിയിരുന്നു. സസ്പെഷൻ ഉൾപ്പെടെ കൂടുതൽ നടപടിയുണ്ടായേക്കും.

വീഴ്ചകൾ ഇങ്ങനെ:

1. മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ്

കേസ് രജിസ്റ്റർ ചെയ്തില്ല.
2. കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് മഹസർ,

ഒഫൻസ് രജിസ്റ്റർ എന്നിവ തയ്യാറാക്കിയിട്ടില്ല.

3.മോഷണം പൊലീസിൽ അറിയിച്ചില്ല.

4. കസ്റ്റഡിയിൽ എടുത്തയാളുടെ സുരക്ഷ ഉറപ്പാക്കിയില്ല.

മൃതദേഹം സംസ്കരിച്ചില്ല

മത്തായി മരിച്ചത് കഴിഞ്ഞ 28നാണ്. സംഭവത്തിന് ഉത്തരവാദികളായ വനപാലകരെ മുഴുവൻ അറസ്റ്റ് ചെയ്യാതെ റാന്നിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഭാര്യ ഷീബയും കുടുബാംഗങ്ങളും.