road-41

മലയാലപ്പുഴ: മലയോര കർഷകരുടെ നാട്ടിൽ ജനകീയ മുന്നേറ്റത്തിൽ പിറവിയെടുത്ത അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിന് 41 വയസ്. 1979 ഒക്ടോബർ 2ന് അടിയന്തരാവസ്ഥ സമയത്ത് കോന്നി എം.എൽ.എയായിരുന്ന പി.ജെ.തോമസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടം കൈയേറി റോഡ് വെട്ടുകയായിരുന്നു. 1965ലാണ് പി.ജെ.തോമസ് ആദ്യമായി നിയമസഭയിലെത്തുന്നത്. രാഷ്ട്രീയ നേതാവിലേക്കുള്ള പി.ജെ.തോമസിന്റെ വളർച്ച മലയോരമേഖലയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്.യാത്ര സൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് മലയോര ഗ്രാമങ്ങളിൽ റോഡുകൾ വേണമെന്നായിരുന്നു പ്രധാന ആവശ്യം.അട്ടച്ചാക്കലിൽ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ ഗ്രാമീണ റോഡ് അന്ന് ചെങ്ങറവരെയും, ഹാരിസൺ മലയാളം പ്ലാന്റെഷന്റെ പുതുക്കുളത്ത് നിന്ന് തുടങ്ങുന്ന റോഡ് ചെറത്തിട്ട ജംഗ്ഷൻ വരെയുമായിരുന്നു. ഇതിനിടയിലുള്ള തേയില തോട്ടത്തിലൂടെ റോഡ് നിർമ്മിച്ച് ഈ രണ്ട് റോഡുകളെ ബന്ധിപ്പിച്ചാൽ കോന്നി, റാന്നി മണ്ഡലങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും അതിനായി സ്ഥലം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പി.ജെ.തോമസ് ഹാരിസൺ കമ്പനിയ്ക്ക് നിവേദനം നൽകി. അനുകൂല നിലപാടെടുക്കാത്തതിനെ തുടർന്ന് കൊച്ചിയിലെ ഹെഡ് ഓഫീസിലെത്തി നേരിട്ട് ആവശ്യപ്പെട്ടു. പക്ഷേ കമ്പനി ആവശ്യം അംഗീകരിച്ചില്ല. ഇതോടെ അദ്ദേഹം പഞ്ചായത്ത് മെമ്പറായിരുന്ന പി.ഇ.മത്തായിയുടെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ചു. 1979ലെ ഗാന്ധിജയന്തി ദിനത്തിൽ പ്ലാന്റഷനിലെ ആദ്യ തേയിലച്ചെടി എം.എൽ.എ വെട്ടിമാറ്റി, പിന്നാലെ നാട്ടുകാരും. അന്നത്തെ കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും തടയാനായില്ല. ഹാരിസൺ കമ്പനി ഹൈക്കോടതിയിൽ കേസ് കൊടുത്തു.എന്നാൽ റോഡ് ജനങ്ങളുടെ ആവശ്യമാണെന്ന നിരീക്ഷണമാണ് പിന്നീട് ഹൈക്കോടതി നടത്തിയത്.പിൽക്കാലത്ത് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് അട്ടച്ചാക്കൽ - കുമ്പളാം പൊയ്ക റോഡ് എന്ന് നാമകരണം നടത്തി പുനർനിർമ്മിച്ചു.

13കിലോമീറ്റർ ദൂരമുള്ള റോഡിലെ 4 കിലോമീറ്റർ ഭാഗം കുമ്പഴ തോട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് 17 കോടി രൂപ ചെലവിട്ട് അടുത്തിടെ റോഡ് ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ വികസിപ്പിച്ചു.

ഓർമ്മകളുമായി വിശ്രമജീവിതം

റബർ ബോർഡ് ചെയർമാനായും കോൺഗ്രസ് ചീഫ് വിപ്പായും പ്രവർത്തിച്ച പി.ജെ.തോമസ് വകയാറിലെ വീട്ടിൽ 96ന്റെ നിറവിൽ പഴയ ഓർമ്മകളുമായി വിശ്രമജീവിതത്തിലാണ്.