school

കൊടുമൺ : കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതോടെ തൊഴിൽ ഇല്ലാതായ സ്കൂൾ ബസ് ജീവനക്കാരുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ബസ് ഡ്രൈവർമാർക്കും ആയമാർക്കും ശമ്പളം ലഭിച്ചിട്ട് നാലു മാസത്തിലധികമായി. ഈ തൊഴിൽ മാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങളാണ് ഏറെയും കഷ്ടത്തിലായിരിക്കുന്നത്. രോഗ വ്യാപനം ഉണ്ടായതു മുതൽ വിവിധ തൊഴിൽ മേഖലകളിലുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിലെ ഡ്രൈവർമാർക്കും ആയമാർക്കും ലഭിച്ചിട്ടില്ല. നിരവധിതവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സ്കൂൾ അധികൃതരും ഇവരെ കൈയൊഴിഞ്ഞ മട്ടാണ്. സ്കൂൾ ബസ് ജീവനക്കാരിൽ അധികവും ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ജോലി ഇല്ലാതായതോടെ വരുമാനം നിലച്ച കുടുംബങ്ങൾ സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.