തിരുവല്ല: റോഡിൽ പതിവാകുന്ന വെള്ളക്കെട്ട് മൂലം ഒട്ടേറെ കുടുംബങ്ങൾ നിത്യ ദുരിതത്തിലായി. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന ഞാറ്റുവീട്ടിൽ ഭാഗത്തെ കുടുംബങ്ങളിലെ വയോധികരും കുട്ടികളും അടക്കം ഇരുപത്തഞ്ചോളം പേരാണ് വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുന്നത്. ചെറിയമഴ പെയ്താൽ പോലും റോഡ് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്. റോഡ് വെള്ളത്തിലാകുന്നതോടെ റോഡിനോട് ചേർന്നുള്ള കുഴിയിൽ കെട്ടിക്കിടക്കുന്ന മലിനജലം റോഡിലാകെ പടരുന്നു. ഇത് പ്രദേശവാസികളിൽ എലിപ്പനി അടക്കമുള്ള സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു. വെള്ളക്കെട്ടിലൂടെ പ്രധാന റോഡിലെത്താൻ വയോധികരടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ തിരുവല്ല സബ് കലക്ടർ ഡോ.വിനയ് ഗോയലിന് നിവേദനം നൽകിയിട്ടുണ്ട്. പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലെ റോഡിലും പെരിങ്ങര ജംഗ്‌ഷനിലും മറ്റ് പലഭാഗങ്ങളിലും മഴക്കാലമാകുന്നതോടെ ചുറ്റുപാടും വെള്ളം നിറയുന്നത് പതിവാണ്. 13 -ാം വാർഡിലെ ചാത്തങ്കരി മുണ്ടുവേലിപ്പടി -രാമച്ചാടത്ത് പടി റോഡും കഴിഞ്ഞ കുറെ ദിവസങ്ങളിലായി വെള്ളത്തിലാണ്.
ജലനിരപ്പ് ഒറ്റദിവസം ഉയർന്നത് അഞ്ചടി, നാലുദിവസമായിട്ടും താഴ്ന്നത് ഒരടി
തിരുവല്ല: മണിമലയാറ്റിലെ ജലനിരപ്പ് കഴിഞ്ഞ ബുധനാഴ്‌ച രാപകൽ പെയ്ത മഴയിൽ ഒരുദിവസം കൊണ്ട് ഉയർന്നത് അഞ്ചടിയാണ്. മഴയുടെ ശക്തി കുറയുകയും വെയിൽ തെളിയുകയും ചെയ്തിട്ടും മണിമലയാറ്റിലെ ഉയർന്ന ജലനിരപ്പ് നാലുദിവസം കൊണ്ട് താഴ്ന്നത് ഒരടി മാത്രം.അതിവേഗത്തിൽ ഉയർന്ന ജലം ഒഴുകിമാറാതെ പുഴകളിൽ നിറഞ്ഞു കിടക്കുന്നതിനാൽ വീണ്ടും മഴ കനത്താൽ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ടാകും. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ കടലിലേക്ക് അതിവേഗത്തിൽ ഒഴുക്കിവിടാൻ സർക്കാർ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപത്തെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഫലം ഉണ്ടായിട്ടില്ലെന്നാണ് അപ്പർകുട്ടനാട്ടുകാർ പറയുന്നത്.
ആശങ്ക വിട്ടൊഴിയുന്നില്ല
ഈയാഴ്ച ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വീണ്ടും മഴ ശക്തമാകുമോയെന്ന ഭീതിയിലാണ് താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർ. കഴിഞ്ഞ രണ്ടുവർഷവും ആഗസ്റ്റിൽ വെള്ളപ്പൊക്കം ഉണ്ടായതിന്റെ ദുരിതവും ആശങ്കകളും ഇനിയും വിട്ടൊഴിയാത്തതും ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്നു.
-25 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ
-വയോധികരടക്കം ബുദ്ധിമുട്ടിൽ
-മലിനജലം കെട്ടിക്കിടക്കുന്നു
-സാംക്രമിക രോഗങ്ങൾ പടന്നുപിടിക്കാൻ സാദ്ധ്യത