പത്തനംതിട്ട: റാന്നി ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത പി.പി മത്തായിയെ തെളിവെടുപ്പിനിടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ആർ. രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ എ. കെ. പ്രദീപ് കുമാർ എന്നിവരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തു. റാന്നി ഡി.എഫ്.ഒ ഉൾപ്പെടെ എട്ടുപേരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് സസ്പെൻഷൻ.

മത്തായിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത വനപാലകരെ അറസ്റ്റുചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഭാര്യ ഷീബയുടെയും ബന്ധുക്കളുടെയും നിലപാടും സർക്കാരിനും വനപാലകർക്കുമെതിരെ ഉയർന്ന ജനരോഷവും കണക്കിലെടുത്താണ് ഇന്നലെ സസ്പെഷൻ ഉത്തരവിറക്കിയത്.

സംഭവത്തിൽ വനംവകുപ്പുതല അന്വേഷണം നടത്തുന്ന സതേൺ സി.സി.എഫ് സഞ്ജിൻകുമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ അദ്ദേഹം കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.

കാമറ മോഷണത്തിന്റെ പേരിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർ പരസ്പര വിരുദ്ധമായ മൊഴികളാണ് ക്രൈംബ്രാഞ്ചിനും നൽകിയത്. മഹസറും ജി.ഡി രേഖകളും തയ്യാറാക്കിയിരുന്നില്ല. മത്തായി മരിച്ച ശേഷം ജി.ഡിയിൽ കൃത്രിമം കാട്ടിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കഴിഞ്ഞ 28നാണ് മത്തായിയെ കുടുംബവീടായ കുടപ്പനയിലെ വീടിനോടു ചർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ മത്തായിയുടെ വീട് സന്ദർശിച്ചു.