പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്‍ഷകന്‍ പി.പി. മത്തായിയുടെ മരണത്തിനുത്തരവാദികളായ മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റു ചെയ്യണമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം നേതൃത്വത്തില്‍ ഇന്നു മുതല്‍ റാന്നി ഡി.എഫ്.ഒ ഓഫീസ് പടിക്കല്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം സംഘടിപ്പിക്കും.
മത്തായിയുടെ ഭാര്യ ഷീബയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കുടുംബത്തിന് അടിയന്തരസഹായമായി 50 ലക്ഷം രൂപ അനുവദിക്കുക, റാന്നിയിലെ ആരബിള്‍ ലാന്‍ഡ് ഉള്‍പ്പെടെയുള്ള പട്ടയഭൂമി തിരികെ പിടിക്കാനുള്ള ഡി.എഫ്.ഒയുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ സമരം നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന ഉന്നതാധികാരസമിതിയംഗം പ്രൊഫ.ഡി.കെ.ജോണ്‍, ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ആദ്യദിനമായ ഇന്നു രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ മുന്‍ എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ് സത്യഗ്രഹം അനുഷ്ഠിക്കും.അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി ദീപു ഉമ്മനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.