pregnancy

പത്തനംതിട്ട : കൊവിഡ് സമ്പർക്ക വ്യാപനം വർദ്ധിക്കുകയാണ് ജില്ലയിൽ. ആശുപത്രിയിലെത്തുന്ന മറ്റു രോഗികളുടെ കാര്യമാണ് കഷ്ടം. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന പത്തനംതിട്ട ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയും അത്യാവശ്യ ചികിത്സ മാത്രമാണ് നൽകുന്നത്. ഇവിടെയും കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമാണ് പ്രാധാന്യം. ഓൺലൈൻ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയെങ്കിലും പൂർണമായി വിജയം കണ്ടില്ല. നിലവിൽ പി.എച്ച്.സികളും സി.എച്ച്.സികളുമാണ് ജനങ്ങൾക്ക് ആശ്വാസം. 53 പി.എച്ച്.സികളും 10 സി.എച്ച്.സികളും ആണ് രോഗികൾക്കായി ഇപ്പോൾ ഉള്ളത്. ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും അടൂർ ജനറൽ ആശുപത്രിയുമാണ് പ്രധാന ആശുപത്രികളായി പ്രവർത്തിക്കുന്നത്.

* ഗർഭിണികൾ ദുരിതത്തിൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രികൾ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ

ഏറെ ദുരിതത്തിലായിരിക്കുന്നത് ഗർഭിണികളാണ്. മാസം തികഞ്ഞവരെയാണ് ആശുപത്രിയിൽ വരാൻ അനുവദിക്കുന്നത്. അടൂർ ജനറൽ ആശുപത്രി, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികൾ തുടങ്ങിയിടത്താണ് ഗർഭിണികൾക്ക് ചികിത്സാ സൗകര്യം ഉള്ളത്. നൂറ് പേരിൽ കൂടുതൽ ആശുപത്രികളിൽ എത്തരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആശുപത്രികളിൽ വലിയ തിരക്കാണ് ഇപ്പോൾ. ഗർഭിണികളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

" പരസ്പരം ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആശുപത്രിയിൽ കൂട്ടം കൂടരുത്. സാഹചര്യം എല്ലാവരും മനസിലാക്കണം. സ്വകാര്യ ആശുപത്രികളോടും സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭിണികൾ സൂക്ഷിക്കണം. നിർദേശങ്ങൾ പാലിക്കണം. എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ''

ഡോ. എ.എൽ.ഷീജ

(ഡി.എം.ഒ)