ചിറ്റാർ: ചിറ്റാറിലെ വനപാലകർ കസ്റ്റഡിയിലെടുത്ത കുടപ്പനയിലെ മത്തായി തെളിവെടുപ്പിനിടെ കിണറ്റിൽ വീണ് മരിച്ചതിനെ തുടർന്ന് സ്റ്റേഷൻ രേഖകളിൽ കൃത്രിമം കാട്ടിയതിൽ ഗുരുനാഥൻമണ്ണിലെ രണ്ട് വനപാലകരുടെ പങ്ക് പുറത്തുവന്നു. മത്തായി കിണിറ്റിൽ വീണയുടൻ വടശേരിക്കര റേഞ്ച് ഒാഫീസർ ഗുരുനാഥൻമണ്ണ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഒാഫീസറെയും മറ്റൊരു വനപാലകനെയും ഫോണിൽ വിളിച്ച് ചിറ്റാർ സ്റ്റേഷനിലെ ജനറൽ ഡയറി (ജി.ഡി)യുമായി കരികുളം സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നതായി തെളിഞ്ഞു. തിരുവനന്തപുരത്തെ ആനക്കൊമ്പ് കേസിൽ കുറ്റാരോപിതനായതിനാൽ സ്ഥലം മാറി വന്നയാളാണ് സെക്ഷൻ ഒാഫീസർ. സ്ത്രീ വിഷയത്തിൽ പിടിക്കപ്പെട്ടയാളാണ് രണ്ടാമൻ. രണ്ടുപേരും സിവിൽ വേഷത്തിൽ ബുള്ളറ്റിലാണ് ജി.ഡി എടുക്കാൻ ചിറ്റാർ സ്റ്റേഷനിലെത്തിയത്. കുറ്റകൃത്യങ്ങളെപ്പറ്റി രേഖപ്പടുത്തുന്ന സ്റ്റേഷൻ ജി.ഡി ഒരിക്കലും പുറത്തുകൊണ്ടുപോകരുതെന്ന് ചട്ടമുണ്ട്. ഇതു ലംഘിച്ചാണ് ജി.ഡി കരികുളത്ത് എത്തിച്ചത്. അവിടെനിന്ന് റേഞ്ച് ഒാഫീസറും ഒന്നിച്ച് വടശേരിക്കര െഎ.ബിയിലേക്ക് പോയി. അവിടെ വച്ചാണ് ജി.ഡിയിൽ കൃത്രിമം കാട്ടി മത്തായിയെ കസ്റ്റഡിയിലെടുത്ത സമയം രാത്രി 10മണി എന്ന് എഴുതിച്ചേർത്തതെന്നാണ് സൂചന.
28ന് വൈകിട്ട് നാല് മണിയോടെ മത്തായിയെ കസ്റ്റഡിയിലെടുത്തത് കേസും മൊഴിയും മഹസറും ജി.ഡിയും രേഖപ്പെടുത്താതെയാണെന്ന് അറിഞ്ഞ ഒരു ഡിവൈ.എസ്.പിയുടെയും സി.എെയുടെയും ഉപദേശമായിരുന്നു ഇതിനുപിന്നിൽ. വനപാലകരെ രക്ഷപെടുത്തുകയായിരുന്നു ലക്ഷ്യം.
----------
@ ഗുരുനാഥൻമണ്ണ് സ്റ്റേഷനിൽ നാട്ടുകാരുടെ ഉപരോധം.
ചിറ്റാർ: മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് കൂട്ടുനിന്ന വനപാലകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ കനത്തമഴയത്താണ് പ്രദേശവാസികൾ സ്റ്റേഷനിലെത്തിയത്.
----
ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം : മത്തായിയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടും, ജില്ലാ ഫോറസ്റ്റ് ഓഫീസറോടും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷൻ അംഗം അഡ്വ. ബിന്ദു എം. തോമസ് ഉത്തരവായി.