അടൂർ: റവന്യു ടവറിലെ അടൂർ സബ് ട്രഷറിയിൽ എത്താൻ പെൻഷൻകാർ നന്നായി വിയർക്കണം.അത്രയ്ക്കുണ്ട് ബുദ്ധിമുട്ട്. ട്രഷറിയിൽ എത്തുന്നതിന് നാല് വഴികൾ ഉണ്ടെങ്കിലും തെക്കും പടിഞ്ഞാറുമുള്ള വഴികളിലൂടെ എത്തണമെങ്കിൽ ഒരുനിലയുടെ പടിക്കെട്ടുകൾ കയറണം. കിഴക്കു ഭാഗത്തുകൂടിയാണെങ്കിൽ കുറേ നടന്നുവേണം ട്രഷറിക്ക് മുന്നിലെത്താൻ. അതിനാൽ ഏറെപ്പേരും ഡിവൈ. എസ്. പി ഒാഫീസിന് സമീപമുള്ള വടക്കേ വാതിലിലൂടെയാണ് പ്രവേശിക്കുന്നത്. ഇവിടെ അത്യാവശ്യം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെന്നതും മറ്റൊരു സഹായകമാണ്. ഇൗ കവാടത്തിന് മുന്നിൽ ബൈക്കുകൾ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്കു ചെയ്യുന്നതിനാലാണ് പെൻഷൻകാർ വലയുന്നത്. വാതിലൂടെ അകത്തേക്ക് കയറണമെങ്കിൽ അഭ്യാസ മുറകൾ പഠിച്ചിരിക്കേണ്ട സ്ഥിതി. കൊവിഡ് കാലമായതിനാൽ ഏറെ ഭയപ്പോടോടെയാണ് പെൻഷൻകാർ സബ് ട്രഷറിയിൽ എത്തുന്നത്. ട്രഷറി ഡ്യൂട്ടിക്ക് 24 മണിക്കൂറും പൊലീസുകാരനുണ്ടെന്നാണ് വയ്പ്. എന്നാൽ പൊലീസുകാരനെ കാണാനില്ലെന്നാണ് പരാതി.. വഴിയടച്ച് ബൈക്കുകൾ വയ്ക്കുന്നത് തടയാൻ ആരുമില്ലാത്ത സ്ഥിതി. പൊലീസ് സ്റ്റേഷനടുത്താണ് ഇൗ നിയമലംഘടനം നടക്കുന്നത്.
----------------
വളരെ ബുദ്ധിമുട്ടിയാണ് ട്രഷറി വരെ വരുന്നത്. അവിടെ വന്നാൽ ബൈക്കുകൾ നിരന്നിരിക്കുന്നത് കാരണം അകത്തേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. ഇതിന് പരിഹാരം കാണാൻ പൊലീസോ റവന്യൂ ടവറിന്റെ ഉടമസ്ഥതയുള്ള ഹൗസിംഗ് ബോർഡോ നടപടി സ്വീകരിക്കണം.
ബാലകൃഷ്ണൻ,
പെൻഷൻ ഗുണഭോക്താവ്.
-----------
ആർക്കും എന്തും ആകാമെന്നതാണ് റവന്യൂ ടവറിന്റെ പരിസരത്തെ സ്ഥിതി. ഇവിടെ ഫലപ്രദമായ നിയന്ത്രണങ്ങൾ അനിവാര്യമാണ്. ഇക്കാര്യത്തിൽ ആർക്കും ഉത്തരവാദിത്വമില്ല. ടവറും പരിസരവും സംരക്ഷിക്കുന്നതിനും ശുചിയായി സൂക്ഷിക്കുന്നിനും ഒാരോ വ്യാപാരികളിൽ നിന്നും വാടക കൂടാതെ കോമൺ ഏരിയാ എക്സ്പെൻസ് എന്ന പേരിൽ പ്രത്യേക തുക ഇൗടാക്കുന്നുണ്ട് പക്ഷേ പ്രയോജനമില്ല.
വ്യാപാരികൾ,
റവന്യൂ ടവർ