ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് എം.എൽ.എ സജി ചെറിയാന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ,മുൻസിപ്പൽ പ്രസിഡന്റുമാർ,സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമ്മാർ , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ, തുടങ്ങി വിവിധ വകുപ്പു മേധാവികളുടെ സംയുക്ത യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുവാനുള്ള സാദ്ധ്യത വിലയിരുത്തി. നേരത്തേ നടന്ന മൂന്നു അവലോകന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായി 90 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ 2300 വീടുകളിലായി താമസിക്കുന്ന 8538 അംഗങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുവാൻ നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ക്യാമ്പുകൾക്കും ക്യാമ്പ് ഓഫീസർമാരെയും എല്ലാ വില്ലേജുകൾക്കും ഡെപ്യൂട്ടി തഹസിൽദാർമാരെയും ചുമതലപ്പെടുത്തി. വാർഡ് തലത്തിൽ പഞ്ചായത്ത് മെമ്പർമ്മാർ കൺവീനറായിട്ടുള്ള ജാഗ്രത സമിതി ഇതിന്റെ ഭാഗമായി രൂപീകരിക്കുവാൻ തീരുമാനിച്ചു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഈ പ്രവർത്തനം നടത്തുന്നതിന് ചെങ്ങന്നൂർ, മാവേലിക്കര തഹസിൽദാർമാരെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാർ അദ്ധ്യക്ഷനായ പഞ്ചായത്ത് തല മോണിറ്ററിംഗ് കമ്മിറ്റി എല്ലാ ഉദ്യോഗസ്ഥരെയും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി രൂപീകരിക്കുവാൻ തീരുമാനിച്ചു