പത്തനംതിട്ട : ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരും 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 29 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനും 4 പേർ എക്‌സൈസ് ഉദ്യോഗസ്ഥരുമാണ്.
പത്തനംതിട്ട സ്വദേശി പൊലീസ് ഉദ്യോഗസ്ഥനായ 26 വയസുകാരനാണ് രോഗം ബാധിച്ചത്. മലയാലപ്പുഴയിൽ മുൻപ് രോഗബാധിതനായ പൊലീസ് ഓഫീസറുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.അടൂർ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 50 വയസുകാരൻ,33 വയസുകാരൻ, 42 വയസുകാരൻ, 46 വയസുകാരൻ എന്നിവർക്കാണ് രോഗം കണ്ടെത്തിയത്. ഇവരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയിൽ ഇതുവരെ 1591 പേർ രോഗികളായി. ഇതിൽ 720 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 62 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1142.
ജില്ലക്കാരായ 447 പേർ ചികിത്സയിലാണ്. ഇതിൽ 436 പേർ ജില്ലയിലും 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 121 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 106 പേരും അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 67 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 34 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എൽടിസിയിൽ 108 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 11 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 466 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
പുതിയതായി 46 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 3934 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 1242 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 1526 പേരും നിരീക്ഷണത്തിലാണ്.