തണ്ണിത്തോട് : മേടപ്പാറയിൽ ടെലികോം കമ്പനിൾക്കൊന്നും മൊബൈൽഫോൺ, ഇന്റർനെറ്റ് കവറേജ് ലഭിക്കാത്തതുമൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങുന്നു.
മുൻപിവിടെ ബി.എസ്.എൻ.എല്ലിനും, മറ്റ് രണ്ട് സ്വകാര്യ കമ്പനികൾക്കും ചില സമയങ്ങളിൽ കവറേജ് ലഭിച്ചിരുന്നു. അതനുസരിച്ച് നാട്ടുകാർ പല സിം കാർഡുകളും മാറി ഉപയോഗിച്ചിരുന്നു. ഇപ്പോഴിവിടെ ഒരു കമ്പനിയ്ക്കും കവറേജ് ലഭിക്കാത്ത സ്ഥിതിയാണ്. മേടപ്പാറയിൽ നിന്ന് 400 മീറ്റർ അകലയുള്ള കുടുബാരോഗ്യകേന്ദ്രത്തിന് സമീപം ബി.എസ്.എൻ.എൽ പുതിയ ടവർ സ്ഥാപിച്ചശേഷം കിട്ടികോണ്ടിരുന്ന കവറേജ് കൂടി ഇല്ലാതാക്കിയതായും പരാതിയുണ്ട്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മേടപ്പാറയിലും,മേടപ്പാറ വടക്കേരയിലുമായി ഇരൂറ്റിയൻപതോളം കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ഇതുമൂലം മുടങ്ങുകയാണ്.ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.