തിരുവല്ല: നഗരത്തിലെ തിരക്കുള്ള ബഥനി റോഡിൽ ഏതുനിമിഷവും നിലംപതിക്കാവുന്നവിധം ചരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് റോഡിലേക്ക് വീഴാവുന്ന വിധത്തിൽ പോസ്റ്റ് ചാഞ്ഞു നിൽക്കുന്നത്. ഇതുകാരണം ഒരുവശത്തുകൂടി മാത്രമാണ് ഗതാഗതം സാദ്ധ്യമാകൂ. യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ നാട്ടുകാർ ഓലയും പോസ്റ്റിൽ കെട്ടിത്തൂക്കിയിട്ടുണ്ട്. ഈഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ രാത്രി യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഭീഷണിയായ വൈദ്യുതി പോസ്റ്റ് അധികൃതർ നീക്കാത്തത് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.