പത്തനംതിട്ട- ഹരിതകർമസേന അംഗങ്ങൾക്കായി സംസ്ഥാന വനിത വികസന കോർപറേഷൻ വായ്പാ പദ്ധതികൾ നടപ്പാക്കുന്നു. ദേശീയ സഫായി കർമചാരി കോർപ്പറേഷന്റെ സംസ്ഥാനതല ചാനലൈസിംഗ് ഏജൻസിയായ വനിത വികസന കോർപ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിതകർമസേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത്. കോർപറേഷന് എൻഎസ്‌കെഎഫ്ഡിസിയിൽ നിന്ന് വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ ഗ്യാരന്റി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പ്രവർത്തനം വിപുലമാക്കാനും സംരംഭം ആരംഭിക്കാനുമായി വിവിധ കർമസേനാ യൂണിറ്റുകൾക്കായി 30 കോടി രൂപയാണ് കുടുംബശ്രീ മുഖേന ഈ വർഷം വായ്പയായി വിതരണം ചെയ്യുക.
പ്രധാന വായ്പകൾ: തൊഴിൽ ചെയ്യാനാവശ്യമായ വാഹനം വാങ്ങാൻ, സംരംഭ വികസനത്തിന്, സാനിറ്റേഷൻ ജോലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വിൽക്കുന്ന സാനിറ്ററി മാർട്ടുകൾ തുടങ്ങാൻ, ഹരിത സംരംഭങ്ങൾ തുടങ്ങാൻ, സേനാംഗങ്ങളുടെ പെൺ മക്കൾക്ക് വിദ്യാഭ്യാസ സഹായം.
നാലു മുതൽ അഞ്ച് ശതമാനം വരെ വാർഷിക പലിശ നിരക്കിൽ ലഭിക്കുന്ന വായ്പയുടെ കാലാവധി മൂന്ന് വർഷമാണ്.
ആദ്യഘട്ടമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് മൂന്ന് കോടി രൂപ ഉടനെ വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ ഗ്രൂപ്പുകൾക്ക് വാഹനം വാങ്ങാനായി വായ്പ അനുവദിക്കും. സിഡിഎസുകളുടേയും കുടുംബശ്രീ ജില്ലാ മിഷന്റേയും ശുപാർശയോടെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഏറ്റവും നേരത്തെ വായ്പ നൽകുന്നതിനുള്ള നടപടികൾ വനിതാ വികസന കോർപ്പറേഷൻ സ്വീകരിച്ചിട്ടുണ്ട്.