ചെങ്ങന്നൂർ: യു.ഡി.എഫ് ഭരണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും അട്ടിമറിക്കാൻ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഗൂഢശ്രമം നടത്തുന്നതായി കോൺഗ്രസ് സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികൾ ആരോപിച്ചു. ഇടുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ സെന്ററിനായി സ്ഥലം കണ്ടെത്തുകയോ തുടർ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കും എന്നുപറഞ്ഞ സെഞ്ച്വറി ആശുപത്രി ഇപ്പോൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിന്ന് വിമർശിക്കുകയും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കത്തക്ക രീതിയിലുള്ള പ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഭരണ സമിതിയോടൊപ്പം നിന്ന് പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിന് പകരം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഭാഗത്തു നിന്നും വലിയ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ജീവനക്കാരെ നിയമിച്ചാലും തുടർ നടപടികൾ സ്വീകരിക്കാൻ വീണ്ടും കാലതാമസം വരും. ആദ്യം ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. ഏതു സമയത്തും പ്രവർത്തനം സജ്ജമാക്കാൻ കഴിയുന്ന രീതിയിലാണ് നഗരസഭയുടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടത്തിയിട്ടുള്ളതെന്ന് സൗത്ത് മണ്ഡലം പ്രസിഡന്റ് ആർ.ബിജു, നോർത്ത് മണ്ഡലം പ്രസിഡന്റ് വി.എൻ.രാധാകൃഷ്ണപ്പണിക്കർ എന്നിവർ പറഞ്ഞു.