പത്തനംതിട്ട : ജില്ലയുടെ കിഴക്കൻ മേഖലയിൽ കർഷകരും വനം ഉദ്യോഗസ്ഥരുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ആവശ്യപ്പെട്ടു. റാന്നി ചേത്തയ്ക്കലിൽ പതിറ്റാണ്ടുകളായി കർഷകർ കൈവശം വച്ച് കൃഷിചെയ്തു ജീവിക്കുന്ന ഭൂമി വനഭൂമിയാണെന്ന് ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല. പട്ടയം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ മെല്ലേെപ്പോക്ക് തുടരുന്നത് കർഷകരും വനം ജീവനക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിക്കാൻ ഇടയാക്കുന്നു. വന്യജീവികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും പരിഹരിക്കാൻ ശ്രമമില്ലാത്തതും നഷ്ടപരിഹാരം ലഭിക്കാത്തതും ഖേദകരമാണ്.
ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും മാർ ഐറേനിയോസ് ആവശ്യപ്പെട്ടു. മാർ ഐറേനിയസും വികാരി ജനറൽ ഡോ. ഷാജി മാണികുളവും മത്തായിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.