പത്തനംതിട്ട : നാട്ടിൽ പോയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തി തുടങ്ങി. ഇവരിൽ നാല് പേർക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡുപണിക്കും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിലും അവർ പങ്കെടുത്തിരുന്നു. ഇപ്പോൾ ജോലിയന്വേഷിച്ച് കൂട്ടമായാണ് അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തുന്നത്. ജില്ലയിലാകെ 16767 അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ 10966 പേർ നാട്ടിലേക്ക് മടങ്ങി. ഇവരിൽ പലരും മടങ്ങിയെത്തിയിട്ടുണ്ട്. 55 പേർ മടങ്ങിയെത്തിയതായാണ് ലേബർ ഓഫീസിലെ കണക്കിൽ പറയുന്നത്. ഇവർ ക്വാറന്റൈനിലാണ്. എന്നാൽ തിരുവല്ലയിൽ റോഡിന്റെ ടാർ പണി ചെയ്ത അന്യസംസ്ഥാന തൊഴിലാളിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ളവർ ക്വാറന്റൈനിലാണ്. കോൺട്രാക്ടർക്കാണ് ഇവരെ സംരക്ഷിക്കേണ്ട ചുമതല. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാനായി നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു . ലോക്ക് ഡൗണിൽ ഭക്ഷണമടക്കം നിരവധി സഹായങ്ങൾ സർക്കാർ നൽകിയിരുന്നു. ഒടുവിൽ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റും നൽകിയായിരുന്നു മടക്കിയയച്ചത്. തിരികെയെത്തിവരിൽ എത്ര പേർ ക്വാറന്റൈനിൽ പോയിട്ടുണ്ടെന്നും ആരെങ്കിലും പുറത്തിറങ്ങി നടക്കുന്നുണ്ടോയെന്നും അറിയാൻ കഴിയാത്തത് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണ ചുമതലകൾ പൊലീസിന് കൂടി കൈമാറിയതോടെ ആരോഗ്യ വകുപ്പിന് അല്പം ആശ്വസിക്കാം. തൊഴിലാളികൾ എത്തുന്ന കെട്ടിട ഉടമകളോ കോൺട്രാക്ടർമാരോ ഇവരുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറണമെന്ന നിർദേശമുണ്ട്.

മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

(ലേബർ ഓഫീസ് അധികൃതർ)​

ആകെ ഉണ്ടായിരുന്നത് : 16767 മടങ്ങിയത് : 10966

ബാക്കി ജില്ലയിൽ : 5801

തിരികെ വന്നത്: 55 പേർ