പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ചിറ്റാർ പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായിയുടെ കുടുംബത്തിന് നീതിനൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുറന്നകത്ത്. മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെ അന്വേഷണം നടത്തുകയോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കത്തിൽ പറയുന്നു.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും വേണം.
കസ്റ്റഡിയിലെടുക്കുമ്പോൾ എഫ്.ഐ.ആർ.പോലും മത്തായിക്കെതിരെ രേഖപ്പെടുത്തിയിരുന്നില്ല. നിയമങ്ങളേയും കോടതി നിർദ്ദേശങ്ങളെയും മനുഷ്യാവകാശങ്ങളേയും കാറ്റിൽപ്പറത്തിയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു.