പന്തളം: പന്തളം നഗരസഭയിൽ ഭൂരഹിത ഭവന രഹിതരായ 321 പേരുടെ ലിസ്റ്റ് കളക്ടർ അംഗീകരിച്ചു നഗരസഭയ്ക്കു നൽകിയെങ്കിലും ഇവരെ സെലക്ടുചെയ്യാൻ ആവശ്യമായ രേഖകളുമായി നഗരസഭയിൽ ഹാജരാകുവാൻ നഗരസഭാധികാരികൾ ആവശ്യപ്പെടുകയും രേഖകളുമായെത്തി ഇന്റർവ്യുവിൽ പങ്കെടുത്തു മടങ്ങിയ 321 പേർ തങ്ങൾക്കു കയറി കിടക്കാൻ ഇടം ലഭിക്കുമെന്ന ആശ്വാസത്തോടെ കഴിയുകയാണ്. ഇന്റർവ്യു നടത്തി കണ്ടെത്തിയ അർഹരുടെ ലിസ്റ്റ് മുനിസിപ്പൽ കൗൺസിലിൽ വയ്ക്കുകയോ പ്രസിദ്ധികരിക്കുകയോ ചെയ്തിട്ടില്ല. വീണ്ടും സർക്കാർ ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ പറഞ്ഞിട്ടുണ്ടെങ്കിലും നഗരസഭാ ലൈഫ് പദ്ധതിയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നറിയാതെ നെട്ടോമോടുകയാണ്.പന്തളം നഗരസഭ ലൈഫ് പദ്ധതിയിലുണ്ടായിരുന്ന 321 പേരിൽ 39 പേരെ മാത്രമാണ് തിരഞ്ഞെടുത്തത് .രാഷ്ട്രീയ പ്രേരിതമായ സെലക്ഷനാണിതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഫ്‌ളാറ്റ് നിർമ്മാണം ജില്ലയിൽ പന്തളം നഗരസഭയിലാണ് ആദ്യത്തേത് എന്നു പറഞ്ഞ് ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും നാളിതുവരെയായും യാതൊരു പ്രവർത്തനം ആരംഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് കിടപ്പാടമില്ലാത്തവരോടു വീണ്ടും അപേക്ഷ സമർപ്പിക്കാൻ പറഞ്ഞിട്ടുള്ളത് . ലൈഫ് പദ്ധതിയിൽ പന്തളം നഗരസഭയിൽ നിന്നും സെലക്ട് ചെയ്തവരുടെ ലിസ്റ്റ് കൗൺസിലിൽ വയ്ക്കണമെന്നും മറ്റുള്ളവരുടെ അപേക്ഷ തള്ളാനുണ്ടായ സാഹചര്യം കൗൺസിലിൽ വിശദമാക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ എൻ.ജി.സുരേന്ദ്രൻ,അഡ്വ കെ.എസ് ശിവകുമാർ,കെ.ആർ വിജയകുമാർ, എ.നൗഷാദ് റാവുത്തർപന്തളം മഹേഷ് ,ജി .അനിൽകുമാർ ,എം.ജി രമണൻ, ആനി ജോൺ തുണ്ടിൽ, മഞ്ജു വിശ്വനാഥ് ,സുനിതാ വേണു എന്നിവർ ആവശ്യപ്പെട്ടു.