പത്തനംതിട്ട: ജില്ലാ പൊലീസ് ചീഫ് ആസ്ഥാനത്ത് 'സൂപ്പർ ചീഫ്' കളിക്കുന്ന ഭരണവിഭാഗം മേധാവിക്കെതിരെ പൊലീസുകാർക്ക് അമർഷം. ചില പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ഭരണപരമായ കാര്യങ്ങൾ മാത്രം നോക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ ദൈനംദിന ഡ്യൂട്ടിയിൽ ഇടപെടുന്നുവെന്നാണ് ആക്ഷേപം. ഒാവർ ഡ്യൂട്ടി ചെയ്യിക്കുകയും പൊലീസുകാരുടെ അവധി ദിവസങ്ങളിലും ജോലിക്ക് ഹാജരാകാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു പരാതി.
ക്വാറന്റൈനിൽ കഴിയുന്ന പൊലീസ് ചീഫ് ആസ്ഥാനത്തെ ഒരു കോൺസ്റ്റബിളിന് ജോലിക്ക് ഹാജാരാകാത്തതിന് മെമ്മോ നൽകി. സ്വാബ് ടെസ്റ്റ് നടത്തേണ്ട പൊലീസുകാരുടെ പട്ടികയിൽ നിന്ന് ഭരണവിഭാഗം മേധാവി പേര് വെട്ടിയ ഒരു കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ സ്വാബ് ടെസ്റ്റിന് വിധേയനാക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് ചീഫ് ശാസിക്കുകയുണ്ടായി. ഒരു സംഭവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് 'സൂപ്പർ ചീഫ്' നൽകിയ മെമ്മോ പൊലീസ് ചീഫ് കീറിക്കളഞ്ഞു. പൊലീസ് ചീഫിന്റെ ശാസനയും കിട്ടി. ചിറ്റാർ സ്റ്റേഷനിലെ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനോട് അടിയന്തര ഡ്യൂട്ടിക്ക് ഉച്ചയ്ക്ക് രണ്ട് മണിക്ക് എത്താൻ ആവശ്യപ്പെട്ടത് രണ്ട് മണിക്കൂർ മുൻപ്. തിരുവനന്തപുരത്ത് നിന്ന് അമിതവേഗതിയിൽ വാഹനം ഒാടിച്ചുവന്ന പൊലീസുകാരൻ അപകടത്തിൽപ്പെടുകയും ചെയ്തു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഒാഫീസുകളിൽ പകുതി ആളുകൾ ഹാജരായാൽ മതിയെന്ന നിർദേശം പൊലീസ് ചീഫ് ആസ്ഥാനത്ത് നടപ്പാക്കിയില്ല. ആലപ്പുഴയിൽ പൊലീസ് അസോസിയേഷൻ ഭാരവാഹിക്ക് മെമ്മോ കൊടുത്തതിന് പിന്നാലെയാണ് 'സൂപ്പർചീഫി'നെ പത്തനംതിട്ടയിലേക്ക് തട്ടിയതെന്ന് ഒരു വിഭാഗം പൊലീസുകാർ പറയുന്നു.