ചെങ്ങന്നൂർ: ചെങ്ങന്നൂരിലും കല്ലിശേരിയിലും വൈദികർക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ നിരവധിപേർ ക്വാറന്റൈനിലായി. നഗരത്തിലെമലങ്കര കത്തോലിക്കാ പള്ളി, കല്ലിശേരി ക്‌നാനായ പള്ളി എന്നിവിടങ്ങളിലെ വൈദികർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. കല്ലിശേരി പള്ളിയിലെ വൈദികനിൽ നിന്നാവാം ചെങ്ങന്നൂരിലെ വൈദികന് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇതോടെ ഇവരുമായി സമ്പർക്കത്തിൽ പെട്ടവരെല്ലാം ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ തയാറാക്കിയ പട്ടികയിലെ 68 പേരുടെ സ്രവ സാമ്പിളുകൾ ഇന്നലെ പരിശോധനയ്‌ക്കെടുത്തു. 15 കന്യാസ്ത്രീകളുടെ സ്രവ പരിശോധന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നടത്താം എന്ന് ഇവർ ആരോഗ്യവകുപ്പിനെ അറിയിച്ചു.ചെങ്ങന്നൂരിലെ വൈദികൻ കഴിഞ്ഞ വ്യഴാഴ്ച മാവേലിക്കരഅരമനയിൽ ബിഷപ്പിന്റെ യോഗത്തിലും, വെള്ളിയാഴ്ച പുലിയൂർ മലങ്കര കത്തോലിക്ക പള്ളിയിൽ ഓർമ്മക്കുർബാനയിലും പങ്കെടുത്തതായും അറിയുന്നു.
കോൺവെന്റിലെ 35 കന്യാസ്ത്രീകൾ പ്രാഥമിക സമ്പർക്ക പട്ടികയിൽ
ചെങ്ങന്നൂർ സെന്റ് ആൻസ് കോൺവെന്റിലെ കന്യാസ്ത്രീകൾ ഉൾപ്പടെ 35ഓളം പേരാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇതുവരെ ഉള്ളത്. ഇത് കൂടാതെ കോടുകുളഞ്ഞി, പുലിയൂർ പള്ളികളിലും പാവനാത്മ കോൺവെന്റിലും മാവേലിക്കര ബിഷപ് ഹൗസിൽ ഉള്ളവരും ഈ സമ്പർക്ക പട്ടികയിൽ ഉൾപ്പെടും. ഏതാണ്ട് 75ഓളം പേരുമായി ചെങ്ങന്നൂർ പള്ളിയിലെ വൈദികൻ സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ ചെങ്ങന്നൂർ കല്ലിശേരി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ വൈദികൻ കഴിഞ്ഞ 26ന് തിരുവൻവണ്ടൂർ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഒരു ക്‌നാനായ ദേവാലയത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തിരുന്നു. വൈദികന് കൊവിഡ് സ്ഥിരികരിച്ച ശേഷം വിവിധ വാർഡുകളിൽ നിന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത 29 ഓളം പേരെ നിരീക്ഷണത്തിലാക്കി. കല്ലിശേരിയിൽ നിന്നും വൈദികനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 46 പേരേയും നിരീക്ഷണത്തിലാക്കി. വൈറസ് ബാധിതരായ വൈദികരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വമേധയാ തയാറാകണം
സമ്പർക്കം പുലർത്തിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപെടുവാൻ തയാറായാൽ മാത്രമേ കാര്യങ്ങൾ എളുപ്പമാകൂ. രോഗവ്യാപനം ഉണ്ടെന്ന സ്ഥിതി നിലനിൽക്കെ വൈദികരുടെ സമ്പർക്ക പട്ടിക ഉടൻ തന്നെ പൂർത്തിയാക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ ഇപ്പോഴത്തെ ശ്രമം.